ആദ്യം നിയമനം, പിന്നെ അനധികൃതമായി ക്രമപ്പെടുത്തൽ; യു.ഡി.എഫ് നിയന്ത്രണത്തിലുള്ള നടുവണ്ണൂർ റീജ്യനൽ സഹകരണ ബാങ്കിലെ എട്ട് നിയമനങ്ങള്‍ റദ്ദാക്കി ജില്ലാ സഹകരണ ജോയന്റ് രജിസ്ട്രാർ


നടുവണ്ണൂർ: യുഡിഎഫ് നിയന്ത്രണത്തിലുള്ള നടുവണ്ണൂർ റീജണൽ സഹകരണ ബാങ്കിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കി ജില്ലാ സഹകരണ ജോയന്റ് രജിസ്ട്രാർ. വിവധ തസ്തികകളിലേക്കുള്ള എട്ട് പേരുടെ നിയമനമാണ് റദ്ദാക്കിയത്.

സംവരണതത്വങ്ങളും സഹകരണ രജിസ്ട്രാറിൽ നിന്നുള്ള അനുമതിയും സഹകരണനിയമപ്രകാരമുള്ള പത്രപരസ്യങ്ങളുമെല്ലാം കാറ്റില്‍ പറത്തിയാണ് നിയമനം നടത്തിയതെന്ന് കാണിച്ച് ഉദ്യോഗാർഥിയായ ശരത്ത് കിഴക്കേടത്ത് സഹകരണ വകുപ്പിനും സഹകരണ ഓംബുഡ്സ്‌മാനും പരാതി നല്‍കിയതോടെയാണ് അനധികൃത നിയമനം വെളിച്ചത്താകുന്നത്. ഇതോടൊപ്പം മറ്റ് ഉദ്യോഗാർഥികളും നടുവണ്ണൂർ റീജണൽ ബാങ്കിലെ മെമ്പർമാരും ഹൈക്കോടതിയെ സമീപിച്ച് നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ നിയമനം ക്രമപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ നിയമനം നേടിയവർ സഹകരണ തർക്കപരിഹാര കോടതിയെയും സമീപിച്ചു.

കേസ് സമയങ്ങളിൽ ജോയന്റ് രജിസ്ട്രാറുടെ വാദം വിശദീകരിക്കാൻ കഴിയാതെവന്നതിനാൽ നിയമനം നേടിയവർക്ക്‌ അനുകൂല വിധിയാണ് ആദ്യഘട്ടത്തില്‍ വന്നത്. തുടർന്ന് ശരത്ത് കിഴക്കേടത്ത്, ഉമ്മർ അൻസാരി, കുറുങ്ങോട്ട് എ.എസ്.റിലു എന്നിവർ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചു.

പിന്നീട് കോഴിക്കോട് ജോയന്റ് രജിസ്ട്രാറോട് അന്വേഷണം നടത്തി തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. നിയമനം നേടിയവർക്കും  പരാതിക്കാർക്കും ഹിയറിങ്ങിന് ഹാജരാകാൻ അവസരം നൽകുകയും പരാതി സംബന്ധിച്ച് ഭരണസമിതി സെക്രട്ടറി, പരാതിക്കാർ എന്നിവരെ വിചാരണയ്ക്ക് വിളിപ്പിക്കുകയും ചെയ്തു.

സഹകരണ എക്സാമിനേഷൻ ബോർഡ് വഴി ഇതുവരെ നിയമനം നടത്തിയിട്ടില്ലെന്നും ജീവനക്കാരെ അനധികൃതമായി നിയമിക്കുകയും പിന്നീട് അത്തരം നിയമനങ്ങൾ മറ്റ് അനധികൃത മാർഗങ്ങളിലൂടെ ക്രമീകരിക്കുകയും ചെയ്യുന്നതാണ് ബാങ്കിന്റെ രീതിയെന്നും വിചാരണവേളയിൽ പരാതിക്കാർ ചൂണ്ടിക്കാട്ടി. ഇരു കക്ഷികളുടെയും വാദംകേട്ട ശേഷമാണ്  ജോയന്റ് രജിസ്ട്രാർ പ്യൂൺ, അറ്റൻഡർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, പാർട്ട് ടൈം സ്വീപ്പർ, സെയിൽസ്‌മാൻ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കിയത്.