ആടിയും പാടിയും കുടുംബശ്രീ പ്രവർത്തകരും കുരുന്നുകളും; മൂടാടി പഞ്ചായത്ത് മൂന്നാം വാർഡ് എ.ഡി.എസ് വാർഷികാഘോഷം


കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കുടുംബശ്രീ ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി (എ. ഡി. എസ്) വാർഷികാഘോഷം ശ്രദ്ധേയമായി. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് കലോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രജുല ടി.എം അധ്യക്ഷയായി.

എ.ഡി.എസ് സെക്രട്ടറി സ്മിത പി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രേംനസീർ പുരസ്കാരം കരസ്ഥമാക്കിയ സ്നേഹ കുടുംബശ്രീ അംഗവും പ്രശസ്ത ഗായികയുമായ സീനാ രമേശിനെ ചടങ്ങിൽ അനുമോദിച്ചു. സീനയ്ക്ക് വേണ്ടി സ്നേഹ കുടുംബശ്രീ പ്രസിഡന്റ് ജംഷീറ പന്തലായനി ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ജീവാനന്ദൻ മാസ്റ്ററിൽ നിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങി.

അഖില എം.പി (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ), ടി.കെ.ഭാസ്കരൻ (ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ), വി.കെ.രവീന്ദൻ (വാർഡ് മെമ്പർ), ശ്രീലത (സി.ഡി.എസ് ചെയർപേഴ്സൺ), രാഷ്ട്രീയ പ്രതിനിധികളായ വിശ്വൻ ചെല്ലട്ടാംകണ്ടി, മനാർ മൊയ്തീൻ ഹാജി, രാമചന്ദ്രൻ മേപ്പുറത്ത് കണ്ടി, രവീന്ദ്രൻ മാസ്റ്റർ (വികസന സമിതി കൺവീനർ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

സി.ഡി.എസ് അംഗം പുഷ്പ ഗ്രീൻവ്യൂ സ്വാഗതവും, എ.ഡി.എസ് പ്രസിഡന്റ് സുഷ കെ.വി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് ശേഷം കുടുംബശ്രീ അംഗങ്ങളും കുട്ടികളും ഒരുമിച്ച് നൃത്തചുവടുകൾ വെച്ചു.