ഫുട്‌ബോളിന്റെ ചരിത്രമെഴുതി വന്മതില്‍, ഒപ്പം മെസിയുടെയും റൊണാള്‍ഡോയുടെയും വലിയ ഫ്‌ളക്‌സും; ഖത്തര്‍ ലോകകപ്പിനെ ആഘോഷമാക്കി കീഴൂര്‍ എ.യു.പി സ്‌കൂള്‍ (വീഡിയോ കാണാം)


പയ്യോളി: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനെ ആകര്‍ഷകമായി വരവേറ്റ് കീഴൂര്‍ എ.യു.പി സ്‌കൂള്‍. ഫുട്‌ബോളിന്റെ ചരിത്രം രചിച്ച വന്മതിലൊരുക്കിയും താരങ്ങളുടെ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചുമാണ് സ്‌കൂള്‍ ലോകകപ്പിനെ വരവേല്‍ക്കുന്നത്. സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഇതെല്ലാം ഒരുക്കിയിരിക്കുന്നത്.

‘ഗ്രേറ്റ് വാള്‍ ഓഫ് ഫുട്‌ബോള്‍’ എന്ന് പേരിട്ട മതിലില്‍ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മുതല്‍ 2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പ് വരെയുള്ള ടൂര്‍ണ്ണമെന്റുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ലോകകപ്പും നടന്ന വര്‍ഷവും അതിലെ വിജയികളെയുമാണ് മതിലില്‍ എഴുതിയിരിക്കുന്നത്.

ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേരും ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്തായ അല്‍ രിഹ് ലയുടെ പേരും മതിലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബോളിന കൂടാതെ ഫുട്‌ബോളിന്റെ ചരിത്രവും എന്‍.എസ്.മാധവന്റെ ഫുട്‌ബോള്‍ പശ്ചാത്തലമായി രചിച്ച ഹിഗ്വിറ്റ എന്ന കഥയിലെ വരികളും മതിലില്‍ കാണാം. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരായ കലാകാരന്മാരും ചേര്‍ന്നാണ് മതില്‍ ഒരുക്കിയിരിക്കുന്നത്.

ഇരുപത്തിയഞ്ച് അടി ഉയരമുള്ള രണ്ട് ഫ്‌ളക്‌സുകളാണ് സ്‌കൂളിന്റെ മുറ്റത്ത് ഉയര്‍ത്തിയത്. അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ചിത്രങ്ങളാണ് ഫ്‌ളക്‌സുകളില്‍ ഉള്ളത്. ഏകദേശം അയ്യായിരം രൂപയാണ് രണ്ട് ഫ്‌ളക്‌സുകള്‍ക്കുമായി ചെലവായത്. അധ്യാപകര്‍ ചേര്‍ന്ന് സമാഹരിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്.

ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്കായി ഷൂട്ട് ഔട്ട് മത്സരവും സ്‌കൂളില്‍ സംഘടിപ്പിക്കുന്നുണ്ട്. വരുന്ന തിങ്കളാഴ്ച മുതല്‍ ഷൂട്ട് ഔട്ട് മത്സരങ്ങള്‍ ആരംഭിക്കും. കൂടാതെ അധ്യാപകര്‍ക്കായി സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാനും സ്‌കൂളിന് പദ്ധതിയുണ്ട്. സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും കായികാധ്യാപകനായ സനൂപിന്റെയും നേതൃത്വത്തിലാണ് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ പരിപാടികള്‍ നടത്തുന്നത്.

ഖത്തറില്‍ ലോകകപ്പ് ആരംഭിച്ചതോടെ പ്രായഭേദമന്യെ കീഴൂര്‍ എ.യു.പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേ പോലെ ആവേശത്തിലാണ്. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ തുടങ്ങി പ്രമുഖ രാജ്യങ്ങളുടെയെല്ലാം ടീമുകള്‍ക്ക് സ്‌കൂളില്‍ ആരാധകരുണ്ട്. ഇടവേളകളില്‍ ചൂടേറിയ ഫുട്‌ബോള്‍ ചര്‍ച്ചകളും ആരോഗ്യകരമായ വാഗ്വാദങ്ങളും സ്‌കൂളില്‍ പതിവ് കാഴ്ചയാണ്.

വീഡിയോ കാണാം: