തിരുവങ്ങൂരില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും പാസഞ്ചര്‍ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം


ചേമഞ്ചേരി: തിരുവങ്ങൂരില്‍ പാസഞ്ചര്‍ ഓട്ടോറിക്ഷയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് അപകടമുണ്ടായത്. രണ്ട് വണ്ടികളുടെയും ഡ്രൈവര്‍മാര്‍ക്കും പാസഞ്ചര്‍ ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പാസഞ്ചര്‍ ഓട്ടോറിക്ഷ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടത് വശത്ത് കൂടെ ഓടിയിരുന്ന പാസഞ്ചര്‍ ഓട്ടോറിക്ഷ പെട്ടെന്ന് തെറ്റായ വശത്തേക്ക് കടക്കുകയും ഗുഡ്‌സുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ പതിനഞ്ച് മിനുറ്റോളം ഗതാഗത തടസം ഉണ്ടായി.

ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പാസഞ്ചര്‍ ഓട്ടോറിക്ഷ അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു. തിരുവങ്ങൂര്‍ ജങ്ഷനില്‍ നിന്ന് അല്‍പ്പം മാറി ദേശീയപാതയിലാണ് അപകടമുണ്ടായത്.

മാഹിയില്‍ നിന്ന് ടൈല്‍സുമായി വരികയായിരുന്നു ഗുഡ്‌സ് ഓട്ടോറിക്ഷ. ഇതില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.