പൊയിൽക്കാവ് യു.പി സ്കൂളിൽ വായനയുടെ വസന്തം; വായനദിനത്തിൽ അരങ്ങേറിയത് വ്യത്യസ്തമായ പരിപാടികൾ


കൊയിലാണ്ടി: വ്യത്യസ്തമായ പരിപാടികളോടെ വായനാദിനം ആചരിച്ച് പൊയിൽക്കാവ് യു.പി സ്കൂൾ. കവിപരിചയം, വായനാ മത്സരം, സാഹിത്യ ക്വിസ്, പുസ്തക പയറ്റ്, ഡോക്യുമെൻ്ററി പ്രസൻ്റേഷൻ, വായനാ മത്സരം, കയ്യെഴുത്ത് മത്സരം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ വായനാദിനത്തിൽ സ്കൂളിൽ അരങ്ങേറി. വായനാവാരത്തോട് അനുബന്ധിച്ച് ദിവസവും ഒരു കഥ അറിയൽ, ചിത്രകലാ ക്ലബായ നിറക്കൂട്ടത്തിൻ്റെ ചിത്രരചനാ മത്സരം എന്നിവയും നടക്കും.

വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി, ക്ലാസ് ലൈബ്രറി ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായ മുരളീധരൻ മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് രജിലേഷ് വി.കെ അധ്യക്ഷനായി. പ്രധാനാധ്യാപിക ആർ.റോഷ്ണി സ്വാഗതം പറഞ്ഞു.

വായനദിന ക്വിസിൽ വിജയികളായ പാർവണാ രാജ്, നിയ ജെ, അൻവി ഒ (യു.പി തലം), ആദിതേജ്, മുഹമ്മദ് റയാൻ, ദേവതാരു (എൽ.പി തലം) എന്നിവരെ അനുമോദിച്ചു. വിദ്യാരംഗം കൺവീനർ രമ്യ കൃഷ്ണകുമാർ, മലയാളം സബ്ജറ്റ് കൗൺസിൽ കൺവീനർ സൗമ്യ ഐ.എം, എസ്.ആർ.ജി കൺവീനർ രാജേഷ് ടി.പി എന്നിവർ സംസാരിച്ചു.