‘സ്വർണ്ണം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും’; പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി


പേരാമ്പ്ര: വിദേശത്തുനിന്ന് എത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു വീട്ടിൽ നിന്നു കോഴിക്കോടേക്ക് പോയിരുന്നു. അതിന് ശേഷമാണ് വീട്ടിലേക്ക് ഭീഷണി സന്ദേശം വരുന്നത്.

ദുബായിൽ നിന്ന് വരുമ്പോൾ ഇർഷാദ് സ്വർണ്ണം കൊണ്ടുവന്നെന്നും ഇവ തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശങ്ങളാണ് വരാറുള്ളതെന്ന് വീട്ടുകാർ പറഞ്ഞു. ഇർഷാദിനെ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ആദ്യം കുടുംബം പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇർഷാദിനെ കെട്ടിയിട്ടുള്ള ഫോട്ടോ കുടുംബത്തിന് അയച്ചു കൊടുത്തിരുന്നു.

സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ കൊല്ലുമെന്നുള്ള ഭീഷണി ആവർത്തിക്കുകയും ചെയ്തു. ഇതേ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Summary: Gold smuggling gand kidnappedd Panthirikkara native