വെറും 29 രൂപ, രണ്ടര മണിക്കൂർ യാത്ര; കോട്ടയത്തിന്റെയും ആലപ്പുഴയുടെയും ഗ്രാമഭംഗി ആസ്വദിച്ച് ബോട്ടിലൊരു കായൽ യാത്ര പോകാം…


ഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് കടലിലൂടെയും പുഴകളിലൂടെമും മറ്റുമുള്ള ബോട്ട് യാത്രകൾ. പ്രകൃതി ഭം​ഗി ആസ്വദിച്ച് ഇളംകാറ്റൊക്കെ കൊണ്ട് മനസിന് ഉന്മേഷം നൽകുന്നൊരു യാത്ര. അതാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ കുറഞ്ഞ ചിലവിൽ ബോട്ട് യാത്ര സാധ്യമാകുന്നൊരു സ്ഥത്തെയാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കോട്ടയത്തുനിന്നും ആലപ്പുഴയ്ക്കുള്ള ലൈൻ ബോട്ടാണിത്.

കോടിമത ബോട്ട് ജെട്ടിയിൽ നിന്നും ആണ് നമ്മുടെ ബോട്ട് പുറപ്പെടുന്നത്. കോടിമത പോലീസ് സ്റ്റേഷന് സമീപത്തു തന്നെ ആണ് ഈ ബോട്ട് ജെട്ടി. പുലർച്ചെ 6.45ന് ആദ്യത്തെ ബോട്ട് എടുക്കും. കേരള സർക്കാരിന്റെ ബോട്ട് ആണ് ഇത്. ഇരിക്കാൻ നല്ല സീറ്റും, പുറം കാഴ്ചകൾ നല്ല പോലെ കാണാൻ പറ്റുന്ന രീതിയിലും ആണ് ബോട്ടിന്റെ രൂപം. അതിമനോഹരമായ കാഴ്ചകളാണ് ഈ ബോട്ട് യാത്ര സമ്മാനിക്കുന്ന്. വെറും 29 രൂപയാണ് ടിക്കറ്റ് നിരക്കിൽ ഏകദേശം രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ നീളുന്നതാണ് ബോട്ട് യാത്ര.

അതിരാവിലെയാണ് യാത്ര പോവുന്നതെങ്കിൽ സൂര്യൻ പൊങ്ങി വരുന്ന നയനസുന്ദരമായ കാഴ്ചയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ലെെൻ ബോട്ടായതിനാൽ പച്ചയായ മനുഷ്യർക്കിടയിലൂടെ ആണ് ഈ യാത്ര. പോകുന്ന വഴിയിൽ ഒരുപാട് പേർ ഈ ബോട്ടിൽ കയറി ഇറങ്ങും. സ്കൂൾ കുട്ടികളും ജോലിക്ക് പോവുന്നവരും തുടങ്ങി വിദേശികൾ വരെ ഈ ബോട്ടിലെ യാത്രക്കാരാണ്. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നാല് ജീവനക്കാരാണ് ബോട്ടിലുണ്ടാവുക. യാത്രയിൽ കാണുന്ന കാഴ്ചകളെ കുറിച്ചും മറ്റു സംശയങ്ങളെ കുറിച്ചും എല്ലാം ഇവരോട് ചോദിച്ച് മനസിലാക്കാം.

കായലിൽ നിറഞ്ഞു കിടക്കുന്ന പായൽ ചെടികളെ തട്ടി മാറ്റി ബോട്ട് മുന്നോട്ട് കുതിക്കുമ്പോൾ ദൂരെ പക്ഷി കൂട്ടങ്ങൾ പാറി പറക്കുന്നത് കാണാം. പോകുന്ന ജലവഴിയിൽ നടപ്പാലങ്ങൾ ബോട്ടിന്റെ നീണ്ട ഹോൺ കേൾക്കുമ്പോൾ ആളുകൾ‍ കയറുകൊണ്ടു വലിച്ച് ഉയർത്തി മാറ്റുന്നത് ഒരു കാഴ്ചയാണ്. ചെറുതോണികളിൽ മീൻ പിടിക്കുന്നവരെയും കച്ചവടം ചെയ്യുന്നവരെയും ഒക്കെ കാണാം. ഇടയ്ക്കിടെ വലിയ ഹൗസ് ബോട്ട്കൾ പോവുന്നതും കാണാം. വെട്ടിക്കാട്ടുനിന്നു പള്ളിക്കായലിലേക്കു കയറുമ്പോൾ കാഴ്ചകൾക്ക് ആഴവും പരപ്പും കൂടും.

ആലപ്പുഴ അടുക്കുമ്പോൾ ഹൗസ് ബോട്ടുകളുടെ എണ്ണം കൂടും. അതുപോലെ തന്നെ ഓരോ ബോട്ടു ജെട്ടിയുടെ പേരും രസകരമാണ്. മംഗലശ്ശേരി, പുഞ്ചിരി ബോട്ട് ജെട്ടി. രണ്ടര മണിക്കൂറു കൊണ്ട് ആലപ്പുഴയിൽ എത്തി. അവിടെ നിന്നും നിങ്ങൾക്ക് ബോട്ടിൽ മംഗലശ്ശേരിക്കു പോകാം. അവിടെ കായലിന്റെ തീരത്ത് നല്ല ഭംഗിയാണ്. അവിടെ ഇറങ്ങി കാഴ്ചകൾ കണ്ട ശേഷം ആ വഴി കോട്ടയത്തിന് തിരിച്ച് പോകുന്ന ബോട്ടിൽ കയറാം. വഞ്ചിവീടുകൾ, ഗെസ്റ്റുകൾ, അവർക്കു വേണ്ട നല്ല പിടയ്ക്കുന്ന ഞണ്ടിനെ വെട്ടി വൃത്തിയാക്കുന്ന വീട്ടമ്മമാർ, കൃഷിയിടങ്ങൾ… തുടങ്ങിയ വ്യത്യതങ്ങളായ ഗ്രാമക്കാഴ്ചകളാണ് അവിടെ നിറയെ.

ഏകദേശം 18 km ദൂരം ആണ് കോട്ടയം നിന്നും ആലപ്പുഴയിലേക്ക് ഉള്ള ബോട്ട് യാത്ര. ഒരു ദിവസം അഞ്ച് സർവീസ് ആണ് ഉള്ളത്. 6.45, 11.30, 1.00, 3.30, 5.15 എന്നീ സമയങ്ങളിൽ ആണ് ബോട്ട് സർവീസ്. ആലപ്പുഴയിൽ നിന്നും തിരിച്ചു കോട്ടയത്തേക്ക് ഈ ബോട്ട് തന്നെ ഉണ്ട്. 29 രൂപ കൊടുത്ത് വേണേൽ നമുക്ക് തിരിച്ചും ഈ ബോട്ടിൽ തന്നെ പോവാം. ഇങ്ങനെ പല സ്ഥലങ്ങളിലേക്കും ഉള്ള ബോട്ട് സർവീസ് ഉണ്ട് ഇവിടെ.

ഇനി ആലപ്പുഴയിൽ എത്തിയിട്ട് നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് ബോട്ട് ജെട്ടിയുടെ പുറത്ത് ഇറങ്ങിയാൽ റോഡിലേക്ക് എത്തും. അവിടെ നിന്നും ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് കിട്ടും. റയിൽവേ സ്റ്റേഷനിനോട്‌ ചേർന്ന് ആണ് നമ്മുടെ ആലപ്പുഴ ബീച്ച് ഉള്ളത്. കഷ്ടിച്ച് ഒരു കി.മീ. ദൂരം മാത്രമേ ബീച്ചിലേക്ക് ഉള്ളൂ. കായൽ കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഒരിക്കൽ എങ്കിലും ഈ ബോട്ടിൽ യാത്ര ചെയ്യണം.

എത്തിച്ചേരേണ്ട വിധം:

കോട്ടയം കെ.അസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നും നിന്നും ഒരു കിലോ മീറ്റർ നടന്നാൽ കോടിമത ബോട്ട് ജെട്ടിയിൽ എത്താം. ട്രെയിൻ മാർഗം വരുന്നവർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 3.5 കിലോ മീറ്റർ ഉണ്ട് ബോട്ട് ജെട്ടിയിലേക്ക്.