കൊട്ടും ആര്‍പ്പുവിളികളും; ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരന് കോതമംഗലം ക്ഷേത്രസന്നിധിയില്‍ പ്രൗഡഗംഭീരമായ വരവേല്‍പ്പ്


കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവ ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ ക്ഷേത്രസന്നിധിയിലെത്തി.

വാദ്യമേളങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് തിരുവമ്പാടി ചന്ദ്രശേഖരനെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ഡിസംബര്‍ പതിനഞ്ചിലാണ് ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവ ആഘോഷങ്ങള്‍ തുടങ്ങിയത്.

അവസാന ദിവസമായ ഇന്ന് രാവിലെ ഷൊര്‍ണൂര്‍ കലാമണ്ഡലം ജിനേഷിന്റെ ഓട്ടന്‍തുള്ളലുണ്ടായിരുന്നു. വൈകുന്നേരം നാലുമണിക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പും ആറരയ്ക്ക് ദീപാരാധനയും തുടര്‍ന്ന് കലാമണ്ഡലം ശിവദാസന്‍ മാരാരും റിജില്‍ കാഞ്ഞിലശ്ശേരിയും അവതരിപ്പിക്കുന്ന ഇരട്ടതായമ്പകയുമുണ്ടാകും.

രാത്രി എട്ടുമണിക്ക് വിളക്ക് പൂജ, പതിനൊന്നുമണിക്ക് അയ്യപ്പന്‍ പാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടവും എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും. അയ്യപ്പന്‍ വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് ഗ്രാമചന്തയും നടക്കുന്നുണ്ട്.