വോട്ടിം​ഗിന് നാല് ദിവസം ബാക്കി, ശക്തമായ പ്രചരണവുമായി മുന്നണികൾ; കൊയിലാണ്ടിയും തെരഞ്ഞെടുപ്പ് ചൂടിൽ


കൊയിലാണ്ടി: കേരളം ഇനി പോളിം​ഗ് ബൂത്തിലേക്കെത്താൻ നാല് ദിവസം മാത്രം ശേഷിക്കെ ശക്തമായ പ്രചരണ പരിപാടികളുമായി മുന്നേറുകയാണ് മുന്നണികൾ. സിറ്റിം​ഗ് സീറ്റുകൾ നിലനിർത്താൻ യുഡിഎഫ് ശ്രമിക്കുമ്പോൾ കൂടുതൽ സീറ്റുകൾ നേടാനാണ് എൽഡിഎഫിന്റെ ശ്രമം. വടകര ലോക്‌സഭാ മണ്ഡലവും പ്രചാരണ ചൂടില്‍ തിളച്ചു മറിയുകയാണ്. ഇരു മുന്നണികളുടേയും സംസ്ഥാന നിയമസഭയിലെ രണ്ടു പ്രമുഖ അംഗങ്ങള്‍ പോരിനിറങ്ങിയതോടെ വീറും വാശിയുമേറി. പരമാവധി മണ്ഡലത്തിന്റെ എല്ലാ കോണുകളിലുമെത്തി വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ.

കെ കെ ശെെലജ ടീച്ചറാണ് എൽഡിഎഫിനായി മത്സരരം​ഗത്തുള്ളത്. കെെവിട്ടുപോയ മണ്ഡലം ടീച്ചറിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, വടകര, കുറ്റ്യാടി ഉൾപ്പെടെ മണ്ഡലത്തിന്റെ എല്ലാ കോണുകളിലും ശെെലജ ടീച്ചർ നേരിട്ടെത്തി വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥന നടത്തി കഴിഞ്ഞു. നിലവിൽ മൂന്നാംവട്ട പര്യടനത്തിലാണ് ടീച്ചർ.

ലാസ്റ്റ് നിമിഷം സർപ്രെെസായി വടകരയിലെത്തിയ സ്ഥാനാർത്ഥിയാണ് ഷാഫി പമ്പിൽ. യുഡിഎഫിന്റെ കെ മുരളീധരന് പകരമാണ് ഷാഫി വടകരയിലെത്തിയത്. യുവാവായ ഷാഫിയെ കളത്തിലിറക്കി യുവത്വത്തെ കൂടെ നിർത്തി കൂടുതൽ വോട്ടുകൾ നേടി മണ്ഡലം നിലനിർത്താനാണ് യുഡിഎഫിന്റെ ശ്രമം. വിദേശത്ത് പോയി പ്രവാസികളുടെ വോട്ടുറപ്പിക്കാനുൾപ്പെടെയുള്ള നടപടികൾ ഷാഫി സ്വീകരിച്ചിരുന്നു.

ശക്തമായ ത്രികോണ മത്സരമില്ലെങ്കിലും വോട്ടുവർദ്ധനവാണ് എൻഡിഎ വടകരയിൽ ലക്ഷ്യമിടുന്നത്. യുവാവായ പ്രഫുൽ കൃഷ്ണയാണ് എൻഡിഎയുടെ വടകരയിലെ സ്ഥാനാർത്ഥി.

എൽഡിഎഫിന്റെ യുവജന സംഘടനയായ എൽഡിവെെഎഫിന്റെ നേതൃത്വത്തിൽ യൂത്ത് വിത്ത് ടീച്ചർ പരിപാടി എൽഡിഎഫ് സംഘടിപ്പിച്ചപ്പോൾ സമാനപരിപാടികളുമായി ഒപ്പത്തിനൊപ്പം നിൽക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഷാഫി പറമ്പിലിന്റെ പ്രചരണത്തിന്റെ ഭാ​ഗമായി നാളെയാണ് കൊയിലാണ്ടിയിൽ യൂത്ത് വിത്ത് ഷാഫി പരിപാടി സംഘടിപ്പിക്കുന്നത്. യുവത്വം അണിനിരക്കുന്ന റാലിക്ക് ശേഷം കൊയിലാണ്ടി സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും. യുഡിവെെഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സിനിമാതാരം രമേഷ് പിഷാരടിയാണ് ഷാഫിയുടെ പ്രചരണത്തിനായ എത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അം​ഗം പ്രകാശ് കാരാട്ട്, തപൻ സെൻ, ഡി രാജ, എം വി ശ്രേയാസ് കുമാർ ഉൾപ്പെടെ പ്രമുഖരായ നേതാക്കളെയാണ് ശെെലജ ടീച്ചറുടെ പ്രചരണത്തിനായി എൽഡിഎഫ് കളത്തിലിറക്കുന്നത്. അതേസമയം, ഡി കെ ശിവകുമാർ, രമേശ് ചെന്നിത്തല, വി ടി ബൽറാം, കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, കെ കെ രമ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ രം​ഗത്തുണ്ട്. കോഴിക്കോട് ജില്ലയിലെ സ്ഥാനാർത്ഥികളുടെ വിജയത്തിനായി രാഹുൽ ​ഗാന്ധി നേരിട്ടെത്തിയിരുന്നു.

എൽഡിഎഫിനെതിരെ പാനൂർ ബോംബാക്രമണം ആയുധമാക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാൽ ശെെലജ ടീച്ചർക്കെതിരെ സോഷ്യൽ മിഡിയയിലൂടെ വന്ന സെെബർ ആക്രമണം തിരച്ചടിയാകുമെന്ന ഭയന്നിലാണ് യുഡിഎഫ് ഇപ്പോൾ. സെെബർ ആക്രമണ വിഷയത്തിൽ ഇരു പാർട്ടികളും ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

അതേസമയം മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഷാഫി പറമ്പിലിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകിയിരുന്നു. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി ” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു.

കാലം മാറിയതോടെ സോഷ്യൽ മീഡിയകളെയും പ്രചരണത്തിനായി സ്ഥാനാർത്ഥികൾ ഉപയോ​ഗിക്കുന്നുണ്ട്. റീൽ വീഡിയോകൾ ഉൾപ്പെടെയുള്ളവയുമായാണ് സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥനയുമായി എത്തുന്നത്. പ്രചരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ മെെക്ക് അനൗൺസ്മെന്റ് ഉൾപ്പെടെ ആരംഭിച്ചുകഴിഞ്ഞു. പരസ്യപ്രചാരണം 24 ന് അവസാനിക്കാനിരിക്കെ ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാനുള്ള തിരക്കിലാണ് മുന്നണികൾ.

ഏപ്രിൽ 26 നാണ് കേരളം ബോളിം​ഗ് ബൂത്തിലേക്ക് പോകുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് ഏകദേശം ഒന്നരമാസത്തോളം കാത്തിരുന്നാലാണ് വടകരയിലെ പുതിയ എംപി ആരാണെന്ന് അറിയാനാവുക. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് നടന്ന ശേഷം ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.