കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപം; സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്.


കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപത്തിൽ കേസെടുത്ത് സൈബർ പൊലീസ്. കോഴിക്കോട്‌ റൂറൽ സൈബർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിനിൽ കുമാർ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്.

കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ വകുപ്പുകൾ ചുമത്തി. വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയെ കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാപകമായ സൈബർ ആക്രമണമാണ്‌ നടക്കുന്നത്‌.

സമൂഹമാധ്യത്തിലൂടെ ശൈലജ ടീച്ചർക്കെതിരെ വ്യാജപ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ വേറെയും കേസുകൾ എടുത്തിരുന്നു. പേരാമ്പ്ര സ്വദേശി ഷഫീഖ് വാലിയക്കോട്, കുറ്റ്യാടി മുറ്റത്തുപ്ലാവിലെ മെബിൻ തോമസ് (26), മലപ്പുറം പട്ടിക്കാട് മണ്ണാർമല മുണ്ടത്തൊടി ഗഫൂർ മുഹമ്മദ് (40), യൂത്ത് ലീഗ് പ്രവര്‍ത്തകനായ പേരാമ്പ്ര വാളൂർ സ്വദേശിയായ സല്‍മാൻ‍, നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി കെ.എം.മിൻഹാജിനെതിരെയും കേസെടുത്തിരുന്നു.