ഷാഫി പറമ്പിലിന്റെ പ്രചരണത്തിനായി രമേഷ് പിഷാരടി എത്തുന്നു; ‘യൂത്ത് വിത്ത് ഷാഫി’ നാളെ കൊയിലാണ്ടിയിൽ


കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ പ്രചരണത്തിന്റെ ഭാ​ഗമായി കൊയിലാണ്ടിയിൽ യൂത്ത് വിത്ത് ഷാഫി പരിപാടി സംഘടിപ്പിക്കുന്നു. യുഡിവെെഎഫിന്റെ നേതൃത്വത്തിൽ നാളെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുവത്വം അണിനിരക്കുന്ന റാലിക്ക് ശേഷം കൊയിലാണ്ടി സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും.

പ്രശസ്ത സിനിമാ താരം രമേഷ് പിഷാരടി, നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, പി കെ ഫിറോസ്, ആൻ സെബാസ്റ്റ്യൻ, ഫാത്തിമ തെഹ് ലിയ, ജ്യോതി വിജയകുമാർ എന്നിവർ പങ്കെടുക്കും. വെെകീട്ട് മൂന്ന് മണിയോടെ അരങ്ങാടത്തുനിന്നാണ് റാലി ആരംഭിക്കുക. മണ്ഡലത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള യുവതി-യുവാക്കൾ റാലിയിൽ അണിനിരക്കും.

കോൽക്കളി, ഒപ്പന, തിരുവാതിരക്കളി, കഥകളി തുടങ്ങിയ കലാരൂപങ്ങളുടെ പ്രകടനവും റാലിയിൽ ഉണ്ടാകും. പ്രചരണ പരിപാടികൾക്ക് ശേഷം സ്ഥാനാർത്ഥി ഷാഫി പറമ്പിലും റാലിൽ പങ്കെടുക്കും. പൊതുസമ്മേളനത്തിന് ശേഷം മ്യൂസിക് ബാന്റിന്റെ പരിപാടിയും ഉണ്ടാകും.