അരിക്കുളത്ത് ഇതുവരെ ചത്തത് നാല് പശുക്കള്‍; പശുക്കള്‍ക്കെല്ലാം പേവിഷബാധ ലക്ഷണങ്ങളുണ്ടായിരുന്നതായി വെറ്ററിനറി ഡോക്ടര്‍


അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ കാളിയത്ത് മുക്ക് പൂതേരിപ്പാറ ഭാഗത്ത് കഴിഞ്ഞദിവസങ്ങളിലായി ചത്ത പശുക്കള്‍ക്ക് പേവിഷബാധ ലക്ഷണങ്ങളുണ്ടായിരുന്നതായി സ്ഥിരീകരണം. പശുക്കളെ പരിശോധിച്ച ഡോക്ടര്‍ ഇക്കാര്യം പറഞ്ഞിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിനകം നാല് പശുക്കളാണ് അരിക്കുളത്ത് പേവിഷബാധ ലക്ഷണങ്ങളോടെ മരിച്ചത്.

രണ്ടു പശുക്കള്‍ മരിച്ചത് ഏപ്രില്‍ ഒന്നിന് മുമ്പാണ്. ഇന്നലെയാണ് നാലാമത്തെ പശു മരണപ്പെട്ടത്. പേവിഷബാധയാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കണമെങ്കില്‍ ചത്ത പശുക്കളുടെ തലയറുത്ത് പൂക്കോട് എത്തിച്ച് പരിശോധന നടത്തണം. എന്നാല്‍ ഈ രീതിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോകുന്നത് ഉടമസ്ഥരെ മാനസികമായി പ്രയാസത്തിലാക്കുമെന്നതുകൊണ്ട് സാമ്പിളുകള്‍ പ രിശോധനയ്ക്കായി കൊണ്ടുപോയിട്ടില്ല. നിലവില്‍ പ്രദേശത്തെ മറ്റ് പശുക്കള്‍ക്കൊന്നും സമാനമായ ലക്ഷണങ്ങള്‍ ഇല്ലെന്നും സുഗതന്‍ മാസ്റ്റര്‍ പറഞ്ഞു.

സന്തോഷ് ചെറുവത്ത്, ഗിരീഷ് കുന്നത്ത്, ചന്ദ്രിക കിഴക്കേ മുതുവോട്ട്, ശോഭ പാലോട്ട് എന്നിവരുടെ പശുക്കളാണ് ചത്തത്. ഇതില്‍ ശോഭയുടെ പശുവിനെ നായ കടിച്ചത് അവര്‍ കണ്ടിരുന്നു. തെരുവ് നായ, കീരി എന്നിവയുടെ കടിയേറ്റാണ് കന്നുകാലികളില്‍ സാധാരണയായി ഈ രോഗം പടരുന്നത്.

ജില്ലാ ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസ് അധികൃതര്‍ പശുക്കള്‍ മരണപ്പെട്ടയിടങ്ങളിലെത്തി പരിശോധന നടത്തി. കൂടാതെ ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട്.