ജനമനസ് പൂർണ്ണമായി വായിച്ചെടുത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കൽപ്പറ്റ നാരായണൻ; മുൻ മുഖ്യമന്ത്രിയെ അനുസ്മരിച്ച് ത്രിവർണ്ണ സാംസ്കാരിക വേദി


കൊയിലാണ്ടി: ജനമനസ്സ് പൂർണമായി വായിച്ചെടുത്ത് കേരള ജനതയെ മുഴുവൻ ഗുണഭോക്താക്കളാക്കി മാറ്റിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. ത്രിവർണ്ണ സാംസ്കാരിക വേദി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനസേവനം സപര്യായാക്കി രഷ്ട്രീയ പ്രവർത്തനം ആസ്വദിച്ച, അത്രമേൽ ലാളിത്വം നിറഞ്ഞ നേതാവാണ് ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം കൂട്ടിചേർത്തു. വികസനത്തിന് മാനവികതയും സാങ്കേതിക ഔന്നിത്യവും കൂട്ടി ചേർത്ത് താൻ വഹിച്ച പദവികളെല്ലാം പുനർ മൂല്യനിർണയം ചെയ്ത, താൻ ബന്ധപ്പെട്ടതൊക്കെ സ്മരണീയമാക്കിയ നവകേരളത്തിന്റെ സ്രഷ്ടാവാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരുമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജേഷ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. പി.കെ.അരവിന്ദൻ മഠത്തിൽ നാണു, പി.രത്നവല്ലി, വി.ടി.സുരേന്ദ്രൻ, എൻ.വി.വത്സൻ, കൂമുള്ളി കരുണാകരൻ, പി.ജമാൽ എന്നിവർ സംസാരിച്ചു.