കൊയിലാണ്ടിയിലെ ഹോട്ടലുകളിലും പിടിവീണു; നാലു ഹോട്ടലുകൾ അടയ്ക്കാനായി നോട്ടീസ്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹോട്ടലുകൾക്കും ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ പിടിവീണു. കൊയിലാണ്ടി ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള ഇരുപതോളം ഹോട്ടലുകളിലും കൂൾബാറുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുമാണ് ഇന്ന് പരിശോധന നടത്തിയത്. കൊയിലാണ്ടി നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്ന് നാലു ഹോട്ടലുകൾ അടച്ചു പൂട്ടുന്നതിന് നോട്ടീസ് നൽകി.

ഹോട്ടൽ, ടി ഷോപ്പ്, കൂൾ ബാറുകൾ തുടങ്ങി എല്ലാ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന കർശനമായി തുടരുന്നു എന്ന് കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കൊയിലാണ്ടിയിൽ അടയ്ക്കാൻ നോട്ടീസ് നൽകിയ കടകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പരിഹരിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.

വിവിധ കടകളിൽ നിന്ന് സർക്കാർ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തു. പരിശോധന സ്‌ക്വാഡിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. പി. രമേശൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഷീബ. ടി. കെ, കെ. കെ. ഷിജിന എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്തെ ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും ഭക്ഷ്യ പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന നടത്താനും തീരുമാനം. ഇരുപത് കിലോഗ്രാം വ്യത്തിഹീനമായ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത പതിനാറു കടകൾക്കെതിരെ നടപടി സ്വീകരിച്ചു.

ഹെല്‍ത്ത് സ്‌ക്വാഡിന്റെ അവലോകന യോഗമുടനെ നടത്തും. കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍ എന്നിവ പരിശോധിക്കും. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച്‌ ശക്തമായ പരിശോധന നടത്തി വരുന്നു. ഇത് തുടരുന്നതാണ്. പരിശോധനയോടൊപ്പം ബോധവത്ക്കരണം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.