മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മരിച്ച സുഹൃത്തിന്റെ കുടുംബത്തിന് വലയെറിഞ്ഞു സമ്പാദിച്ച പണം സ്വരുക്കൂട്ടി അവർ നൽകി; ശിഹാബിന്റെ കുടുംബത്തിന് വീട് നിർമ്മിക്കാനായി പണം നൽകി മത്സ്യത്തൊഴിലാളികൾ


നന്തി ബസാര്‍: കുടുംബത്തിന് ഒരു നേരം അന്നം തേടിയിറങ്ങിയപ്പോൾ തോണി മറിഞ്ഞു മരിച്ച തങ്ങളിലൊരാളുടെ കുടുംബത്തിന് സഹായവുമായി മൽസ്യത്തൊഴിലാളികൾ. ഏതു തിരമാലയടിച്ചാലും നമ്മൾ ഒന്നായി നേരിടുമെന്ന ഉറപ്പോടെ തങ്ങൾ വല എറിഞ്ഞു നേടിയ സമ്പാദ്യത്തിന്റെ ഒരു പങ്കാണ് ശിഹാബിന്റെ കുടുംബത്തിന് വീട് നിർമ്മിക്കാനായി നൽകിയത്.

പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച മുത്തായം കോളനിയിലെ ഷിഹാബിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുസ്ലിം ലീഗാണ് മുന്നിട്ടിറങ്ങിയത്. മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബൈത്തുറഹ്മയിലേക്കാണ് മൽസ്യത്തൊഴിലാളികൾ പണം നൽകിയത്. ഫണ്ട് മൽസ്യത്തൊഴിലാളികൾ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.അബൂബക്കറിനു കൈമാറിയാതായി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ലീഗ് പഞ്ചായത്ത് സെക്രട്ടറി മുതുകുനി മുഹമ്മദലി, കണ്‍വീനര്‍ ചിപ്പു അഷ്‌റഫ്, ഖജാൻജി പി.എം.ഖാലിദ് ഹാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ആയിരം സ്‌ക്വയര്‍ ഫീറ്റിലാണ് ഷിഹാബിനായുള്ള വീടൊരുങ്ങുക. പതിനാറ് ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന ചെലവ്. സന്മനസ്സുള്ള പലരും തങ്ങളാൽ ആവുന്ന സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

ജൂലൈ 12 നാണ് ഷിഹാബ് ഉള്‍പ്പെടെ മൂന്ന് പേര്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. ശക്തമായ തിരയില്‍ പെട്ട് തോണി മറിയുകയായിരുന്നു. രണ്ട് പേര്‍ രക്ഷപ്പെട്ടെങ്കിലും ഷിഹാബിനെ കാണാതായി. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഷിഹാബിന്റെ മൃതദേഹം കിട്ടിയത്. വൈകാതെ തന്നെ ഷിഹാബിന്റെ സഹോദരന്‍ റഹീമും അന്തരിച്ചു. ഇരുപത്തിയഞ്ച് വയസ്സുകാരനായ ഈ യുവാവ് ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

Summary: Fisherman donates money to shihab’s family for building their house