ഏഴോളം നായകള്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ പിന്നാലെ; കണ്ണൂര്‍ തളിപറമ്പ് സ്വദേശികളായ ഷബാസും സയാനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം


കണ്ണൂര്‍: കണ്ണൂരില്‍ ഏഴോളം തെരുവുനായ്ക്കളുടെ ആക്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് രണ്ട് കുട്ടികള്‍. കണ്ണൂര്‍ തളിപറമ്പ് സ്വദേശികളായ ഷബാസും സയാനുമാണ് തെരുവുനായ്ക്കളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കാനായി കുട്ടികളുടെ പുറകെ ഓടി വന്നു. രക്ഷപ്പെടാനായി ഓടിയകുട്ടികള്‍ വീട്ടിനകത്ത് കയറി ഗേറ്റ് അടച്ചതോടെ നായ്ക്കള്‍ തിരിച്ച് പോവുകയായിരുന്നു.

ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഉടനീളം വര്‍ദ്ധിച്ചു വരികയാണ്. തെരുവുനായ്ക്കളുടെ കടിയേറ്റ് മരണം വരെ സംഭവിക്കുന്ന സാഹചര്യത്തില്‍ കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ ജനങ്ങള്‍ വളരെ ഭയത്തോടെയാണ് തെരുവിലേക്ക് ഇറങ്ങുന്നത്. ഒട്ടും ഭയപ്പാടില്ലാതെ റോഡിലൂടെ വിലസുന്ന നായ്ക്കള്‍ റോഡിലൂടെ പോവുന്ന വാഹനങ്ങള്‍ക്കും വെല്ലുവിളിയാവുകയാണ്. വാഹനങ്ങള്‍ക്ക് കുറുകെ ചാടിയും അപകടങ്ങള്‍ ഉണ്ടാവുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിലെ തെരുവുനായ പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടിരിക്കുകയാണ്. തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്നും തെരുവുനായ്ക്കളെ പരിപാലിക്കണമെന്ന് ആവശ്യമുള്ളവര്‍ക്ക് അതു ചെയ്യാമെന്നും, എന്നാല്‍ വാക്‌സിന്‍ നല്‍കുന്നതും ആക്രമണത്തിന് ഇരയാകുന്നവരുടെ ചികിത്സയുമടക്കം പൂര്‍ണ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.

കേസില്‍ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ച് സെപ്റ്റംബര്‍ 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യം പൊതു അടിയന്തരാവസ്ഥക്ക് സമാനമാണെന്നും അതിനാല്‍ സുപ്രീംകോടതി ഉടന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം