ബംഗളൂരു യാത്രയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ മയക്കുമരുന്ന് കേസിലെ പ്രതികള്‍; കൂരാച്ചുണ്ടിലെ ജംഷിദിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: കൂരാച്ചുണ്ടിലെ ഓട്ടോ തൊഴിലാളിയായ ഉള്ളിക്കാംകുഴിയില്‍ ജംഷിദിന്റെ (25) മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റി. ബംഗളൂരു യാത്രയില്‍ ജംഷിദിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ മയക്കുമരുന്ന് കേസിലെ പ്രതികളാണെന്നത് സംഭവത്തിന്റെ ദുഹൂതയും ഗൗരവവും വര്‍ധിപ്പിക്കുന്നെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ബംഗളൂരുവിലേക്ക് പോയ ജംഷിദിന്റെ മൃതദേഹം മദ്ദൂര്‍ റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. യാത്രയ്ക്കിടെ ദുരൂഹമായ എന്തൊക്കെയോ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ജംഷിദിന്റെ അച്ഛന്‍ മുഹമ്മദ് പറയുന്നത്. ജംഷിദിന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി വീട്ടില്‍ അറിയിച്ചിരുന്നു. യാത്രയ്ക്ക് ഇടയില്‍വെച്ച് ഈ സംഘത്തില്‍ നിന്നും ജംഷിദ് വിട്ടുപോയിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിളിക്കുകയും നാട്ടിലേക്ക് എത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി മുഹമ്മദ് പറഞ്ഞിരുന്നു.
പിന്നീട് ജംഷിദിനെ സുഹൃത്തുക്കള്‍ കണ്ടെത്തിയെന്നും നാട്ടിലേക്ക് തിരിക്കുകയാണെന്ന് അറിയിക്കുകയുമായിരുന്നു. എന്നാല്‍ പിറ്റേദിവസം അറിഞ്ഞത് മകന്‍ മരിച്ചെന്ന വാര്‍ത്തയാണെന്നും മുഹമ്മദ് പറഞ്ഞിരുന്നു. ജംഷിദിനെ ചതിയില്‍പ്പെടുത്തിയതാണെന്നാണ് മുഹമ്മദിന്റെ ആരോപണം. ഇതുസംബന്ധിച്ച് പൊലീസിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
കുറച്ചുദിവസം മുമ്പ് ജംഷിദിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും ബാലുശേരി പൊലീസ് മയക്കുമരുന്ന് പിടിച്ചെടുക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കൊപ്പമാണ് ജംഷിദ് യാത്ര പോയതെന്ന് ആദ്യം അറിഞ്ഞിരുന്നില്ലെന്നാണ് മുഹമ്മദ് പറയുന്നത്. കര്‍ണാടക പൊലീസ് മറ്റു കാരണങ്ങളൊന്നും പരിശോധിക്കാതെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ധൃതിപിടിച്ച് പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കുകയായിരുന്നു. ഈ കാര്യത്തിലും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഡി.വൈ.എഫ്.ഐ അറിയിച്ചു.
കൂരാച്ചുണ്ടില്‍ മയക്കുമരുന്ന് ലോബി സജീവമാണ്. നിരവധി യുവാക്കള്‍ ഉപഭോക്താക്കളും വിതരണ കണ്ണികളുമാണ്. നാടിന്റെയും കുടുംബങ്ങളുടെയും സമാധാനം കെടുത്തുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് അന്വേഷണം വേണമെന്നും മുഹമ്മദിന്റെ പരാതിയില്‍ നടപടിയെടുക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.