കോഴിക്കോട് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍തട്ടി പുഴയില്‍ വീണ് വിദ്യാര്‍ഥിനി മരിച്ചു; സുഹൃത്തിന് പരിക്ക്


കോഴിക്കോട്: റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍തട്ടി പുഴയില്‍ വീണ് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടയിലാണ് സംഭവം.

കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

സുഹൃത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടയില്‍ കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ നഫാത്തിനെ ഇടിക്കുകയായിരുന്നു. ട്രെയിന്‍ ഇടിച്ച നഫാത്ത് പുഴയിലേക്ക് വീണ് മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരിങ്ങാവ് പട്ടായത്തില്‍ മുഹമ്മദ് ഇഷാമിന് (16) പരിക്കേറ്റു. ഇഷാം പാളത്തിലേക്കാണ് വീണത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇഷാമിന്റെ കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.