ഭര്‍ത്താവിനെയും മകനെയും ദിവസങ്ങളുടെ വ്യത്യാസത്തില്‍ കോവിഡ് കവര്‍ന്നെടുത്തു; നിരാലംബരായ കുടുംബത്തിന് വീടൊരുക്കി മുചുകുന്നിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മാതൃക


മൂന്നുവര്‍ഷം മുമ്പ് മരണപ്പെട്ട ചെറുവാനത്ത് മീത്തല്‍ ബാബുവിന്റെ അമ്മയും ഭാര്യ സരയും ആരോഗ്യപ്രശ്‌നങ്ങളുള്ള മകന്‍ രാഹുലും അടങ്ങുന്ന കുടുംബത്തിനുവേണ്ടിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുവെച്ചു നല്‍കിയത്. ബാബു മരിച്ച് ഒരുമാസത്തിനുള്ളില്‍ മകന്‍ സാബു എന്നു വിളിക്കുന്ന ശ്രീരാഗിനെയും കോവിഡ് കവര്‍ന്നെടുത്തിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന ശ്രീരാഗ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ശ്രീരാഗിന്റെ വിയോഗത്തോടെ ഇനി എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയിലായിരുന്നു കുടുംബം. ഈ ഘട്ടത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സഹായവുമായെത്തിയത്.

മുചുകുന്ന് കോളേജിന് താഴെ പുളയോത്ത് ഇവര്‍ക്കുണ്ടായിരുന്ന ഭൂമിയിലാണ് വീടുവെച്ചത്. രണ്ടുവര്‍ഷംകൊണ്ടാണ് വീടുപണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നത്. ഫെബ്രുവരി 26ന് രാവിലെ പതിനൊന്നുമണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വീടിന്റെ താക്കോല്‍ കൈമാറും.