‘മഴ കനത്തതോടെ കക്കൂസ് മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി പോകുന്ന അവസ്ഥയാണ്, ഞങ്ങൾക്ക് വഴി നടക്കാനാവുന്നില്ല’; അസഹ്യമായ ദുർഗന്ധത്തോടൊപ്പം യാത്രയും ദുരിതത്തിലായി നന്തിയിലെ ജനങ്ങൾ


നന്തി: വീണ്ടും ദുരിതത്തിലായി നന്തിയിലെ ജനങ്ങൾ. മഴ കനത്തതോടെ ദേശീയപാത വികസന പ്രവൃത്തിയുടെ ഉപകരാറുകാരായ വാഗഡ് ഇന്‍ഫ്രാ പ്രോജക്‌ട്സിന്റെ ലേബര്‍ ക്യാമ്പിൽ നിന്നുള്ള മലിനജലം റോഡിലൂടെ ഒഴുകുന്നു. മാലിന്യ സംസ്കരണത്തിനായുള്ള പ്രതിഷേധങ്ങൾ ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇനിയും കൃത്യമായ നടപടിയെടുത്തിട്ടില്ല.

‘മഴ തുടങ്ങിയതോടെ മലിനജലം വീണ്ടും റോഡിലൂടെ ഒഴുകി തുടങ്ങി. ഞങ്ങളുടെ വീടിന്റെ താഴെ കൂടെയാണ് ലേബർ ക്യാമ്പിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ ഒഴുകുന്നത്. റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. വല്ലാത്ത ദുർഗന്ധവുമാണ്, യാത്ര ചെയ്യാനും ബുദ്ധിമുട്ടാണ്’ പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പ്രദേശത്തെ കിണർജലം മലിനമായതിനെ തുടർന്നുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അധികൃതർ തുറന്നിട്ട കക്കൂസ് കുഴികൾ മണ്ണിട്ട് മൂടിയിരുന്നു. മഴയായതോടെ അതെല്ലാം കുത്തിയൊലിച്ചു റോഡിൽ എത്തിയിരിക്കുകയാണെന്നും പ്രദേശവാസി പറഞ്ഞു. വാഹനങ്ങൾ പോകാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണിപ്പോൾ.

മലിനജലം കലര്‍ന്ന് പ്രദേശത്തെ വീടുകളിലെ വാട്ടര്‍ടാങ്കും ടാപ്പുകളുമെല്ലാം ഉപയോഗശൂന്യമായതിനെ തുടർന്നാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. ലേബര്‍ ക്യാമ്പില്‍ കക്കൂസ് മാലിന്യങ്ങള്‍ ശരിയാംവിധം നിര്‍മാര്‍ജ്ജനം ചെയ്യാത്തതാണ് താഴെയുള്ള നിരവധി വീടുകളിലെ കിണര്‍ മലിനമാകാന്‍ ഇടയാക്കിയത്.

കുന്നിനു മുകളിലെ ലേബര്‍ ക്യാമ്പിനു താഴെയുള്ള ഒമ്പതു വീടുകളിലെ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സംഭവുമുണ്ടായിരുന്നു. കിണറുകളില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെടുകയും വെള്ളം കുടിച്ച ഒരു വീട്ടിലെ അഞ്ചുപേര്‍ വയറിളക്കെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കിണര്‍ വെള്ളം പരിശോധിച്ചത്.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പുതിയ ടാങ്കുകളുടെ നിർമ്മാണം തുടങ്ങാമെന്ന കമ്പനി രേഖാമൂലം ഉറപ്പുനൽകിയതിനെ തുടർന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാൽ പ്രശ്നം പൂർണമായും പരിഹരിക്കാത്തതിനാൽ വലയുകയാണ് നന്തിയിലെ നിവാസികൾ.

summary: Due to heavy rains, sewage from the labor camp of Wagad Infra Projects flows on the nandhi road.