ചരിത്രമെഴുതി ദ്രൗപതി മുര്‍മു; രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ഗോത്ര വിഭാഗത്തില്‍ നിന്നുളള ആദ്യ വനിത


ന്യൂഡല്‍ഹി: രാജ്യത്തെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഗോത്ര വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതയാണ് ദ്രൗപതി മുര്‍മു.

776 പാര്‍ലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് വോട്ടുചെയ്തത്. നാല്‍പ്പത്തിയൊന്ന് പാര്‍ട്ടികളുടെ പിന്തുണ ദ്രൗപതി മുര്‍മുവിനുണ്ടായിരുന്നു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ തോല്‍പ്പിച്ചാണ് ദ്രൗപതി മുര്‍മ്മു രാഷ്ട്രപതിയായത്.

ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍.ഡി.എ ക്യാമ്പിന് വലിയ നേട്ടമായി. പ്രതിപക്ഷ പാര്‍ട്ടികളായ ശിവസേന, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, ജനതാദള്‍ സെക്കുലര്‍ തുടങ്ങിയ കക്ഷികള്‍ ദ്രൗപതി മുര്‍മുവിന് പിന്തുണ അറിയിച്ചത് ഗുണകരമായി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരുടെ പിന്തുണയും ദ്രൗപതി മുര്‍മുവിനായിരുന്നു.

ഗോത്ര വിഭാഗത്തില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യ വനിതയെന്ന നേട്ടവും ദ്രൗപതി മുര്‍മുവിനുണ്ട്. 1958 ജൂണ്‍ 20 നാണ് ദ്രൗപതി മുര്‍മു ജനിച്ചത്. 1997 ലാണ് ഇവര്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ആ വര്‍ഷം റായ് രംഗപൂരിലെ ജില്ലാ ബോര്‍ഡിലെ കൗണ്‍സിലറായി ദ്രൗപതി തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയില്‍ നിന്നും രണ്ട് തവണ ഇവര്‍ എംഎല്‍എയായിരുന്നു. 2000 മാര്‍ച്ച് ആറു മുതല്‍ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു.

2000 മുതല്‍ 2004വരെ ഒഡീഷയിലെ റയ്റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. അദ്ധ്യാപികയായിരുന്ന ദ്രൗപതി മുര്‍മു ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്നാണ് ബിരുദം നേടുന്നത്. 2002 ഓഗസ്റ്റ് ആറു മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്സസ് ഡവലപ്മെന്റ് മന്ത്രിയായിരുന്നു. 2015 മെയ് 18 മുതല്‍ ഝാര്‍ഖണ്ഡിലെ ഗവര്‍ണ്ണറായി. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയായ ഇവര്‍ ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ പ്രഥമ വനിതാ ഗവര്‍ണ്ണറും കൂടിയാണ്.

summary: