രോഗികള്‍ക്കൊപ്പമല്ലാതെ കൊയിലാണ്ടിയിലെ അഫ്‌സല്‍ ഡോക്ടര്‍ക്ക് എന്താഘോഷം; അര്‍ജന്റീന കപ്പടിച്ചതിന്റെ ആഘോഷത്തില്‍ ഇന്ന് രോഗികള്‍ക്ക് സൗജന്യ ചികിത്സയെന്ന പ്രഖ്യാപനവുമായി അസ്ഥിരോഗവിദഗ്ധന്‍ ഡോ.മുഹമ്മദ് അഫ്‌സല്‍


കൊയിലാണ്ടി: നീണ്ടു 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ അര്‍ജന്റീന മുത്തമിട്ടപ്പോള്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ പലതരത്തിലാണ് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ മധുരം വിളമ്പിയും തുള്ളിച്ചാടിയും ആര്‍ത്തുവിളിച്ചുമൊക്കെയാണ് ബിഗ് സ്‌ക്രീനിനുമുന്നില്‍ ആരാധകര്‍ പ്രകടിപ്പിച്ചത്.

എന്നാല്‍ അര്‍ജന്റീനയുടെ കട്ട ഫാനായ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ.മുഹമ്മദ് അഫ്‌സല്‍ പറയുന്നത് രോഗികള്‍ക്കൊപ്പമല്ലാതെ തനിക്കെന്താഘോഷം! എന്നാണ്. വിജയാഘോഷത്തിന്റെ ഭാഗമായി രോഗികള്‍ക്ക് ഇന്ന് സൗജന്യ സേവനമാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.

കൊയിലാണ്ടി ശാരദ ഹോസ്പിറ്റല്‍ റോഡിലുള്ള വീട്ടില്‍ വൈകുന്നേരം രണ്ടുമണിമുതല്‍ ഏഴുമണിവരെയാണ് രോഗികള്‍ക്കായി സൗജന്യ പരിശോധന. മുന്‍കൂട്ടി ബുക്ക് ചെയ്ത് രോഗികള്‍ക്ക് സേവനം ഉപയോഗപ്പെടുത്താം.

അര്‍ജന്റീനയോടുള്ള ആരാധനയെക്കുറിച്ച് ഡോക്ടര്‍ക്ക് പറയാനുള്ളത് ഇതാണ്: ”1986 ലാണല്ലോ അര്‍ജന്റീന അവസാനമായി കപ്പടിച്ചത്. 1985ലാണ് ഞാന്‍ ജനിച്ചത്. അതിനുശേഷം ഒരുതവണയേ കപ്പടിച്ചിട്ടുള്ളൂ, അതാണെങ്കില്‍ എനിക്ക് കാണാനും പറ്റിയിട്ടില്ല. ഇതിനിടെ പലതവണ കപ്പടിച്ച ബ്രസീല്‍ ആരാധകരുടെ കളിയാക്കലുകള്‍ എത്രയോ കാലമായി ഏറ്റുവാങ്ങിയിട്ടുണ്ട്. അതിനാല്‍ എന്നെ സംബന്ധിച്ച് ഈ കിരീടം വലിയൊരു സന്തോഷം തന്നെയാണ്. ഡോക്ടര്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ച് സുഹൃത്തുക്കളേക്കാള്‍ രോഗികളുമായാണല്ലോ ബന്ധമുള്ളത്. അതിനാല്‍ അവര്‍ക്ക് സേവനം നല്‍കിക്കൊണ്ടാവണം എന്റെ സന്തോഷം പ്രകടനം എന്ന് കരുതിയാണ് ഇന്ന് സൗജന്യ ചികിത്സയാക്കാന്‍ തീരുമാനിച്ചത്.” അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

 

ബുക്കിംഗ് നമ്പർ +91 918814 2943