വ്യാജ ടോള്‍ ഫ്രീ നമ്പറില്‍ പെട്ട് വഞ്ചിതരാവല്ലേ! ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്


വ്യാജ ടോള്‍ ഫ്രീ നമ്പറില്‍ കുടങ്ങാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്. കോവിഡ് മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍പ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണവും ദിനപ്രതി വര്‍ദ്ധിച്ചു വരുകയാണ്. ഇടപാടുകളേറെയും ഓണ്‍ലൈനായതാണ് തട്ടിപ്പ് സംഘങ്ങള്‍ക്ക് തുണയാകുന്നത്.

വ്യാജ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതാണ് തട്ടിപ്പിലെ എറ്റവും പുതിയ രീതി. ഇത്തരത്തില്‍ നേരത്തെയും തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഇതിനെതിരെ മുന്നറിയിപ് നല്‍കിയിരുന്നു. എന്നിട്ടും ഇത്തരം തട്ടിപ്പുകള്‍ വീണ്ടും സജീവമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും മൊബൈല്‍ സര്‍വീസ് ദാതാക്കളുടെയും കസ്റ്റമര്‍ കെയറിന്റെ ടോള്‍ ഫ്രീ നമ്പര്‍ ഗൂഗിളില്‍ തിരയുന്നവരാണ് ഈ തട്ടിപ്പില്‍ അകപ്പെടുന്നത്. ഇത്തരത്തില്‍ പ്രമുഖ ബാങ്കുകളുടെയും മറ്റും വ്യാജ ടോള്‍ ഫ്രീ നമ്പര്‍ നിര്‍മിച്ച് ഈ നമ്പറുകള്‍ നിരവധി വെബ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഗൂഗിളിലും മറ്റും സെര്‍ച്ച് ചെയ്യുമ്പോള്‍ ഇത്തരം വ്യാജ ടോള്‍ ഫ്രീ നമ്പര്‍ ആയിരിക്കും ലഭിക്കുക.

കെവൈസി അപ്ഡേഷന്‍ എന്ന തരത്തില്‍ ബാങ്കിന്റെയും മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെയും പേരില്‍ എസ്എംഎസ് അയക്കുകയാണ് മറ്റൊരു രീതി. കൂടാതെ ഇതില്‍ കാണിച്ചിരിക്കുന്ന ടോള്‍ഫ്രീ നമ്പറിലേക്ക് ബന്ധപ്പെടാനും ഇവര്‍ നിര്‍ദേശം നല്‍കുന്നു. ഇത്തരത്തില്‍ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുന്ന ആളുകള്‍ക്കാണ് പണം നഷ്ടമാകുന്നത്. നല്‍കിയിരിക്കുന്നത് ഇനി യഥാര്‍ത്ഥ നമ്പറാണോ എന്ന് ട്രൂ കോളറില്‍ സെര്‍ച്ച് ചെയ്തു കണ്ടുപിടിക്കാം എന്ന് കരുതേണ്ട. ട്രൂ കോളറിലടക്കം യഥാര്‍ത്ഥ സ്ഥാപനത്തിന്റെ ടോള്‍ ഫ്രീ നമ്പറെന്ന പേരിലാകും തട്ടിപ്പുകാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുക. ഇത്തരത്തില്‍ പ്രശ്‌ന പരിഹാരത്തിനു വിളിക്കുന്ന ആളിന് യാതൊരു സംശയവും തോന്നാതെ സാധാരണ കസ്റ്റമര്‍ കെയര്‍ സര്‍വീസിനെ അനുകരിച്ചു നിര്‍ദേശങ്ങള്‍ നല്‍കും.

ഇങ്ങനെ വിളിക്കുന്ന വ്യക്തിയില്‍ നിന്നു ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി ഒടിപി നമ്പറും വാങ്ങി പണം തട്ടുന്നതാണ് ഇവരുടെ രീതി. ഈ തട്ടിപ്പില്‍ വീഴാതെയിരിക്കാന്‍ ഉപഭോക്തൃ സേവനങ്ങള്‍ക്ക് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ടോള്‍ ഫ്രീ നമ്പറില്‍ മാത്രം ബന്ധപ്പെടുക എന്നതാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.