ഭക്ഷണം കേടാവാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ തടികേടാകുമോ? ആഹാരസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം


പയോഗിച്ച് മിച്ചം വരുന്ന ആഹാര സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഫ്രിഡ്ജിനെ ആശ്രയിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഇത്തരത്തില്‍ ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കുന്നത് എത്ര മാത്രം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ.

പഴക്കം വന്ന മത്സ്യമാംസാദികള്‍ ഫ്രിജിഡില്‍ വെച്ച് ഉപയോഗിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കിയേക്കാം. ആഴ്ചകളോളം ഫ്രീസറുകളില്‍ സൂക്ഷിച്ച ശേഷമാണ് മത്സ്യവും മാംസവുമെല്ലാം പാകം ചെയ്യാന്‍ എടുക്കുന്നത് തന്നെ. എന്നാല്‍ ഇങ്ങനെ മാംസം സൂക്ഷിക്കുമ്പോഴും പലര്‍ക്കും ഇത് എത്ര സമയം റഫ്രിജറേറ്ററില്‍ സൂക്ഷിക്കാം എന്നുളളതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നതാണ് വാസ്തവം.

കോള്‍ഡ് സ്റ്റോറേജുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഡീപ് ഫ്രീസറില്‍ ഒരാഴ്ച വരെയാണ് ഇറച്ചിയും മീനും സൂക്ഷിക്കാവൂ എന്നും സാധാരണ ഫ്രിഡ്ജില്‍ അധികനേരം സൂക്ഷിക്കാന്‍ പാടില്ല എന്നും ഒരു വിധം ആര്‍ക്കും അറിയാത്ത കാര്യമാണ്. പല ആവശ്യങ്ങള്‍ക്ക് ഫ്രീസര്‍ ഇടക്കിടെ തുറന്നാല്‍ അണുബാധ ഉണ്ടാവാനിടയുള്ളതിനാല്‍ ഇത്തരം സാധനങ്ങള്‍ കഴുകി അടച്ച് വെച്ച് വേണം സൂക്ഷിക്കാന്‍.

മത്സ്യമാംസാദികള്‍ മാത്രമല്ല പച്ചക്കറികളും പഴങ്ങളും പോലും ശരിയായ രീതിയിലല്ല ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുള്ളതെങ്കില്‍ തടികേടാവാനിടയുണ്ട്.

ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കാന്‍ വയ്ക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.

ഫ്രിഡ്ജില്‍ കൂടുതല്‍ ഭക്ഷണ സാധനങ്ങള്‍ കുത്തി നിറച്ച് സൂക്ഷിക്കുന്നത് വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കാനിടയാക്കും. അതുകൊണ്ട് അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം ഫ്രിഡ്ജില്‍ വെക്കാന്‍ ശ്രദ്ധിക്കണം.

പച്ചക്കറികള്‍ കഴുകിയും തണ്ടുകള്‍ നീക്കം ചെയ്യേണ്ടവയാണെങ്കില്‍ അങ്ങനെ ചെയ്തും മാത്രമേ ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ. മാത്രമല്ല പച്ചക്കറികളില്‍ തങ്ങി നില്‍ക്കുന്ന ഈര്‍പ്പവും ഫ്രിഡ്ജില്‍ വെക്കുന്നതിന് മുന്നേ ഒഴിവാക്കണം. തൊലി നീക്കം ചെയ്ത് ഇഞ്ചി ഫ്രിഡ്ജില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ എളുപ്പത്തില്‍ പൂപ്പല്‍ ബാധ ഉണ്ടാവാനിടയുണ്ട്.

തേങ്ങ ചിരകിയത് എയര്‍ ടൈറ്റ് ആയ പാത്രത്തില്‍ വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. അരച്ച തേങ്ങയും തേങ്ങാപ്പാലുമെല്ലാം ഇത്തരത്തില്‍ വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കണം.

പച്ചക്ക് മാംസവും മത്സ്യവുമെല്ലാം സൂക്ഷിക്കുന്നതിനേക്കാള്‍ സുരക്ഷിതം മാരിനേറ്റ് ചെയ്ത മാംസവും മത്സ്യവും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ്.

ഫ്രിഡ്ജില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം ഇല്ലാതാക്കാനും പൂപ്പല്‍ ബാധ ഇല്ലാതാക്കാനും ആഴ്ചയിലൊരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.