ചര്‍മ്മവും തിളങ്ങും ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം; അറിയാം ഇരട്ടിമധുരത്തിന്റെ മറ്റു ഗുണങ്ങള്‍


സ്വീറ്റ് റൂട്ട് എന്നറിയപ്പെടുന്ന ഇരട്ടിമധുരം ശരീരത്തിന് ഏറെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നുണ്ട്. ആയുര്‍വേദത്തില്‍ മികച്ച സ്ഥാനം നല്‍കപ്പെട്ട ഇരട്ടിമധുരം ആരോഗ്യപരമായും സൗന്ദര്യപരമായുമുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ചെറിയ കഷ്ണം വേരുകള്‍ പോലെയോ പൊടി രൂപത്തിലോ ഇരട്ടിമധുരം ലഭ്യമാവും. ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് ലാക്ടോറൈസ് പൗഡര്‍ ആണ്.

ദഹന പ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍, വയറിനുള്ളിലെ അള്‍സര്‍, വയറിനുള്ളിലെ നീര്‍ക്കെട്ട് തുടങ്ങിയവയ്‌ക്കെല്ലാം ഇരട്ടിമധുരം ഉപയോഗിക്കാം. അരഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ഒരല്‍പം മഞ്ഞപ്പൊടിയും ഇരട്ടിമധുരവും ചേര്‍ത്ത് അതിരാവിലെ കഴിക്കുമ്പോള്‍ ഇത്തരം രോഗങ്ങള്‍ക്ക് ശമനമുണ്ടാവും. മറ്റു മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ദിവസത്തില്‍ ഒരു നേരം ഇത്തരത്തില്‍ ഇരട്ടിമധുരം കഴിക്കാവുന്നതാണ്. കൂടാതെ സാധാരണ പഞ്ചസാരക്ക് പകരം ഇരട്ടിമധുരം ചേര്‍ത്തണ്ടാക്കുന്ന ചായ ദഹനം സുഗമമാക്കുകയും ആസ്മ, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനം നല്‍കുകയും ചെയ്യുന്നു. കാഴ്ച ശക്തി കൂട്ടാനും വയറിനുള്ളിലെ കൃമി ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

പല്ലുകളില്‍ ഉണ്ടാവുന്ന കറ, മോണകളുടെ വീക്കം, മോണയില്‍ നിന്നും ചോരവരുന്ന അവസ്ഥ, വായ്നാറ്റം എന്നിവ ഇല്ലാതാക്കാന്‍ അരസ്പൂണ്‍ ഇരട്ടിമധുരത്തിന്റെ പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് കഷായരൂപത്തില്‍ ആക്കുക. ആറിയ ശേഷം ഇത് വായില്‍ നിറച്ച് അല്‍പ്പ സമയം വെക്കുക. ഇത് തൊണ്ട വേദനക്കുള്ള മരുന്നായും പ്രവര്‍ത്തിക്കുന്നു. പത്തോ പതിനഞ്ചോ ദിവസത്തെ തുടര്‍ച്ചയായ ഉപയോഗം പല്ലുകളില്‍ നല്ലരീതിയില്‍ മാറ്റമുണ്ടാക്കും.

സ്വരം നന്നാക്കുക എന്നതാണ് ഇരട്ടിമധുരത്തിന്റെ മറ്റൊരു പ്രധാന ധര്‍മ്മം. ഒച്ചയടപ്പ് ഏറ്റവും ബാധിക്കുന്ന വിഭാഗമാണ് ഗായകര്‍. ഇത്തരത്തില്‍ ഒച്ചയടപ്പ് ഇല്ലാതാക്കാന്‍ കാല്‍ ടീസ്പൂണ്‍ ഇരട്ടിമധുരപ്പൊടി ചെറുതേനില്‍ ചേര്‍ത്ത് രാവിലെ വെറും വയറില്‍ കഴിക്കുക. സാവധാനത്തില്‍ അലിയിച്ചാണ് ഇത് കഴിക്കേണ്ടത്. ഇരട്ടിമധുരത്തിന്റെ പൊടിക്കു പകരം വേര് ചവച്ച് അതിന്റെ നീരിറക്കുകയും പതിവുണ്ട്. പണ്ടുകാലങ്ങളില്‍ പൊടിക്കു പകരം വേരാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്.

ഇരട്ടിമധുരം, പനിക്കൂര്‍ക്ക ഇല, ഇഞ്ചി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പാനീയം ജലദോഷത്തിനും ചുമയ്ക്കും തൊണ്ടവേദനക്കുമുള്ള മരുന്നായി ഉപയോഗിക്കാം. ഒരു ഗ്ലാസ് വെള്ളത്തിലുണ്ടാക്കുന്ന പാനീയം അരഗ്ലാസായി കുറുക്കി വേണം കുടിക്കാന്‍. ഇങ്ങനെ കുറുക്കുമ്പോള്‍ അതിലെ സത്ത് വെള്ളത്തില്‍ വളരെയധികം ചേര്‍ന്നിരിക്കും. ഇത് ദിവസത്തില്‍ അഞ്ചുവട്ടമായിട്ടെങ്കിലും കുടിക്കുക.

ആന്റി ഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും കലവറയായ ഇരട്ടിമധുരത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്ക് തന്നെയാണുള്ളത്. മുഖക്കുരു, തിണര്‍പ്പ്, പാടുകള്‍, പിഗ്മെന്റേഷന്‍ എന്നിവയെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ക്ലെന്‍സര്‍, ജെല്‍സ്, ടോണര്‍ എന്നീ രീതിയിലും ഇത് ഉപയോഗിക്കുന്നു. നിറം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇരട്ടിമധുര പൊടി പനിനീരില്‍ ചേര്‍ത്ത് മുകത്ത് പുരട്ടുക. പാലുണ്ണി പോലുള്ളവയുടെ വളര്‍ച്ചയെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

മുടികൊഴിച്ചില്‍, താരന്‍, മുടി പൊട്ടിപ്പോവല്‍, നിറമില്ലായ്മ എന്നിവയ്ക്കെല്ലാമുള്ള പരിഹാരമാര്‍ഗ്ഗം കൂടിയാണ് ഇരട്ടിമധുരം. ഇതില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ബി കോംബ്ലക്സ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കഞ്ഞിവെള്ളത്തില്‍ ചേര്‍ത്തോ നെല്ലിക്ക, മൈലാഞ്ചി എന്നിവയ്ക്കൊപ്പം ചേര്‍ത്തോ ഇരട്ടിമധുരപ്പൊടിയെ തലയില്‍ പുരട്ടാം.