കാഴ്ച്ചയില്‍ ചെറുതാണെങ്കിലും ഉണക്കമുന്തിരിയിലുണ്ട് ഒളിഞ്ഞിരിക്കുന്ന ഒട്ടേറെ ഗുണങ്ങള്‍


ധാരാളം വിറ്റാമിനുകളും മിനറല്‍സും അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. വലുപ്പം കൊണ്ട് ഏറെ ചെറുതാണെങ്കിലും ഗുണങ്ങളില്‍ മുന്‍പന്തിയിലാണ് ഉണക്കമുന്തിരി. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഫ്രീറാഡിക്കലുകളുടെ ഉല്‍പ്പാദനത്തെ തടയുകയും കോശങ്ങളുടെ പലവിധ രോഗാവസ്ഥയിലേക്കുള്ള പോക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധശേഷിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള വിറ്റാമിന്‍ ഇ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മോണരോഗം, ത്വക്കിന്റെ ആരോഗ്യം, കണ്ണുകളുടെ തിളക്കം എന്നിവയെല്ലാം വിറ്റാമിന്‍ ഇ യിലൂടെ ലഭിക്കുന്നു. പോളിഫീനോള്‍സ് എന്ന ഫൈറ്റോ കെമിക്കല്‍സിന്റെ കലവറയാണ് ഉണക്കമുന്തിരി. ഇത് ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ ഘടകമാണ്.

അയേണിന്റെയും വിറ്റാമിന്‍ ബി കോംപ്ലക്സിന്റയും കലവറ കൂടിയായ ഉണക്കമുന്തിരി ചുവന്ന രക്താണുക്കളുടെ വളര്‍ച്ചക്ക് കാരണമാകുന്നു. ഇത് അനീമിയ, രക്തക്കുറവ് പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. പൊട്ടാസ്യം അടങ്ങിയതിനാല്‍ രക്തചംക്രമണത്തെ സഹായിക്കുന്നു. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിനെയും രക്തം കട്ടപ്പിടിക്കുന്നതിനെയും ഒരു പരിധിവരെ തടയാന്‍ ഉണക്കമുന്തിരി സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

ഊര്‍ജ്ജം നേടാന്‍ ആവശ്യമായ പൊട്ടാസ്യം, സിങ്ക്, സെലീനിയം എന്നിവയും ഉണക്കമുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന്റെ അളവു കുറച്ചാലും ഉണക്കമുന്തിരി കഴിക്കുന്നതു കൊണ്ട് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുകയും ക്ഷീണം ഇല്ലാതാവുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബര്‍ മലബന്ധം ഇല്ലാതാക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആര്‍ത്തവ വേദന, നെഞ്ചെരിച്ചില്‍ എന്നിവയ്ക്കും ഉണക്കമുന്തിരി പരിഹാരമാണ്.

ഗര്‍ഭിണികളായ സ്ത്രീകളില്‍ രക്തക്കുറവ് ഇല്ലാതാക്കാനും കുഞ്ഞിന് ആരോഗ്യം കൂട്ടാനും ഉണക്കമുന്തിരി സഹായിക്കുന്നു. കാല്‍സ്യം ഉള്ളതുകൊണ്ട് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടാന്‍ ഉണക്കമുന്തിരി ഉപകാരപ്പെടുന്നു. ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴുകിയ ശേഷം അഞ്ചോ ആറോ മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് കുതര്‍ത്തിയ ശേഷം നന്നായി പിഴിഞ്ഞ് നീരടക്കം കഴിക്കുക. രാവിലെ വെറും വയറില്‍ കഴിക്കുന്നതാണ് കൂടുതല്‍ ഗുണം. ഷുഗര്‍ ഉള്ളവരും ബി പി യില്‍ വ്യത്യാസങ്ങള്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളു.