കൂവക്കിഴങ്ങ് നിസാരക്കാരനല്ല, ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും, ശരീരഭാരം കുറക്കാനും കൂവ കഴിക്കാം; കൂടുതല്‍ ഗുണങ്ങളറിയാം


കൂവ അഥവാ ആരോറൂട്ട് പ്ലാന്റ് പണ്ടു മുതലേ പരിചിതമായ ആഹാരമാണ്. പല വീടുകളിലും ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്. കൂവയുടെ കിഴങ്ങാണ് സാധാരണ ഉപയോഗിക്കാറ്. ഇതില്‍ ധാരാളമായി അന്നജം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ കൂവപ്പൊടിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കിഴങ്ങു രൂപത്തിലും പൊടി രൂപത്തിലും കൂവ ലഭ്യമാണ്. പല വീടുകളിലും കൂവക്കിഴങ്ങ് വാങ്ങി സ്വന്തമായി പൊടിയാക്കുക പതിവാണ്. വളരെ പെട്ടന്ന് ദഹിക്കുന്ന ഭക്ഷണമാണ് ഇത്. കൂടാതെ ശരീരത്തെ തണുപ്പിക്കാനുള്ള കഴിവും കൂവയ്ക്കുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന തരത്തില്‍ പോഷങ്ങളാല്‍ സമ്പുഷ്ടമാണിത്.

ആയുര്‍വേദത്തില്‍ മുറിവുകള്‍ക്കുള്ള മരുന്നായും വിഷത്തിനുള്ള ചികില്‍സാ സഹായി ആയും കൂവച്ചെടി ഉപയോഗിക്കാറുണ്ട്. പിത്തം, വാദം എന്നിവയെ ശമിപ്പിക്കാനും ശരീര പോഷണം, ശക്തി, ഇലക്ട്രോലൈറ്റ് സന്തുലിതാവസ്ഥ എന്നിവ നിലനിര്‍ത്താനും കൂവപ്പൊടികൊണ്ട് സാധ്യമാണ്.

പൊതുവെ ശരീരത്തിലേക്ക് തണുപ്പ് നല്‍കാന്‍ കഴിവുള്ളതുകൊണ്ട് ശരീരത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ ഇതിന്റെ ഉപയോഗം കൊണ്ടാവും. ചര്‍മ്മത്തില്‍ അടിഞ്ഞുകൂടുന്ന അധികമായ എണ്ണ ആഗിരണം ചെയ്ത് അടഞ്ഞുപോയ ചര്‍മ്മ സുഷിരങ്ങളെ തുറക്കാനും ചര്‍മ്മത്തിന് നിറം നല്‍കാനും കൂവ സഹായിക്കുന്നു.

കൂവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഡിസന്റിക് വയറുവേദനയെ ശമിപ്പിക്കാനും, ആന്റിപൈറിറ്റിക് പനി ഇല്ലാതാക്കാനും, ഹൈപ്പോകൊളസ്ട്രോലെമിക് കൊളസ്‌ട്രോളിന്റെ അളവ് കുറക്കാനും സഹായിക്കുന്നു.

മറ്റു കിഴങ്ങുകളില്‍ ഉള്ളതിനെക്കാള്‍ അഞ്ച് ഗ്രാം പ്രോട്ടീന്‍ അധികം കൂവയിലുണ്ട്. ഇത് ശരീരത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നു. ജനന വൈകല്യങ്ങളെ തടയാനും ഡി.എന്‍.എ രൂപപ്പെടാനും കൂവ ഉപകരിക്കുന്നു.ഗര്‍ഭാവസ്ഥയില്‍ പ്രധാനമായും വേണ്ട ഫോളേറ്റ്, വിറ്റാമിന്‍ ബി 9 എന്നിവ ലഭിക്കാനും കൂവ നല്ലതാണ്.

ചേന, മധുരക്കിഴങ്ങ്, കപ്പ തുടങ്ങിയവയില്‍ അടങ്ങിയ അന്നജത്തോട് സാമ്യമുള്ളതാണ് കൂവയിലെ അന്നജവും. എന്നാല്‍ മറ്റുള്ളവയെക്കാള്‍ കാര്‍ബോഹൈഡ്രേറ്റും പോഷകങ്ങളും കൂവയിലാണ് ഉള്ളത്.

കൂവയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ സാവധാനം മാത്രമേ ലയിക്കുകയുള്ളു. ഇത് വിശപ്പു വരാനുള്ള സമയത്തിന്റെ ദൈര്‍ഘ്യം കൂട്ടുകയും വിശപ്പ് നിയന്ത്രിക്കാനും കലോറി കുറക്കാനും ഇതിലൂടെ ശരീര ഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദഹനപ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായും കൂവയെ കാണാം. വയറിളക്കം പോലുള്ള ദഹന സംബന്ധമായ അസുഖങ്ങളെ തടയാനും കൂവ ഉപയോരിക്കുന്നു.

പൊട്ടാസ്യത്തിന്റെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ വൃക്കയിലെ മാലിന്യങ്ങലെ കൂവ നീക്കം ചെയ്യുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് വൃക്കയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ മൂത്രനാളത്തെയും മൂത്രസഞ്ചിയെയും അണുബാധകളില്‍ നിന്ന് രക്ഷിക്കുന്നു.

കൂവയില്‍ ഉള്‍പ്പെട്ട ഇരുമ്പ്, ചെമ്പ് എന്നീ പോഷകങ്ങള്‍ അവയവങ്ങള്‍ക്കും പേശികള്‍ക്കും രക്തപ്രവാഹം സുഗമമാക്കുകയും ക്ഷീണം, ബലമില്ലായ്മ, വിളര്‍ച്ച എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും ബുദ്ധി, ഓര്‍മ്മ എന്നിവ കൂട്ടാനും സഹായിക്കുന്നു.

കൂവപ്പൊടിയില്‍ അടങ്ങിയ പൊട്ടാസ്യം രക്തക്കുഴലുകളുടെയും രക്ത ധമനികളുടെയും വികാസത്തിനും സുഗമമായ പ്രവര്‍ത്തിനും സഹായകമാണ്. പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.