സസ്യാഹാരികളുടെ പ്രിയ ഭക്ഷണമായ പനീര്‍ പ്രോട്ടീന്റെ കലവറയാണ്; അറിയാം പനീറിന്റെ മറ്റു ഗുണങ്ങള്‍


സസ്യാഹാരികളുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നായി മാറുകയാണ് പനീര്‍. പാലിന്റെ പ്രധാന ഉല്‍പ്പന്നം കൂടിയാണ് പനീര്‍. ധാരാളം ധാതുക്കളും പോഷക ഘടകങ്ങളും അടങ്ങിയ പനീറിന് ഏറെ ഗുണങ്ങളുണ്ട്. പ്രോട്ടീന്റെ കലവറയാണ് പനീര്‍. ഇത് പേശികളുട വളര്‍ച്ചക്ക് ഏറെ സഹായകമാണ്. വളരെ നേരത്തേക്ക് വിശപ്പ് അകറ്റാനും പനീര്‍ സഹായിക്കുന്നു.

ഒമേഗ 3, ഒമേഗ 6 എന്നീ ഫാറ്റി ആസിഡുകള്‍ പനീറില്‍ അടങ്ങിയിട്ടുണ്ട്. ഇവ സന്ധിവേദനക്കുള്ള പരിഹാരം കൂടിയാണ്. പനീറില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കാന്‍ ഇത് ഗുണം ചെയ്യുന്നു. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒന്‍പത് അമിനോ ആസിഡുകള്‍ പനീറില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ B, ഫോസ്ഫറസ് എന്നിവ ഉള്‍പ്പെട്ടതിനാല്‍ നാഡീ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. കൂടാതെ എല്ലിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു.

കലോറി കുറവുള്ളതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും പനീര്‍ സഹായിക്കുന്നു. ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണിത്.
ഇന്‍സുലിന്റെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത് തടയാനും പനീറിന് കഴിയുന്നു. പ്രമേഹമുള്ളവര്‍ക്കു പോലും കഴിക്കാവുന്ന ഒന്നാണിത്.

വിറ്റാമിന്‍ B അടങ്ങിയതിനാല്‍ കുട്ടികളുടെ ശരീര വളര്‍ച്ചക്ക് പനീര്‍ ഏറെ സഹായകമാണ്. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളെ പരിഹരിക്കാനും തലമുടി വളര്‍ച്ചക്കും പനീര്‍ ഗുണം ചെയ്യുന്നു. പനീറില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ജലദോഷം, പനി, അണുബാധ എന്നിവക്കുള്ള സാധ്യത കുറക്കാനും അസുഖം വരുമ്പോള്‍ ശരീരത്തിന് ഊര്‍ജ്ജം പകരാനും പനീര്‍ സഹായിക്കുന്നു.

സസ്യാഹാരികള്‍ക്ക് ഏറെ കുറവായി ലഭിക്കുന്ന ഘടകമാണ് വിറ്റാമിന്‍ B12. ഇത് പനീറില്‍ ഉള്ളതിനാല്‍ സസ്യാഹാരികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ ലഭിക്കുകയും കൂടാതെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സമ്മര്‍ദവും ഉല്‍കണ്ഠയും കുറക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും പനീര്‍ സഹായിക്കുന്നു.