ഓര്‍മ്മക്കുറവും പഠനവൈകല്യവും ഉണ്ടാവാതെ നോക്കാം, തലച്ചോറിനെ ഉഷാറാക്കാന്‍ കഴിക്കേണ്ടത് ഇതാണ്


നുഷ്യശരീരത്തിലെ നാഡിവ്യവസ്ഥയുടെ പ്രധാന കേന്ദ്രമാണ് തലച്ചോറ്. ശ്വസനം, രക്തയോട്ടം, ഹോര്‍മോണ്‍ ബാലന്‍സ് തുടങ്ങിയ എല്ലാ കാര്യങ്ങളെയും നിയന്തിക്കുന്നത് തലച്ചോറാണ്. ശരീരം ഉപയോഗിക്കുന്നതിന്റെ ഇരുപത് ശതമാനം ഓക്സിജനും ഉപയോഗിക്കുന്നത് തലച്ചോറാണ്. വളരെ താഴ്ന്ന ഊഷ്മാവിലും ഓക്സിജനില്ലാതെ ഏറെ നേരം അതിജീവിക്കാന്‍ തലച്ചോറിനു കഴിയും.

ഓര്‍മ്മക്കുറവ്, മാനസിക സമ്മര്‍ദ്ദം, പഠന വൈകല്യങ്ങള്‍, ശ്രദ്ധക്കുറവ് എന്നിവയെല്ലാം മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതലാണ്. ജീവിത രീതിയില്‍ വന്ന മാറ്റം അതിനൊരു പ്രധാന കാരണമാണ്. ശരീരത്തിലെ മറ്റു ഭാഗങ്ങളെപ്പോലെ തലച്ചോറിനും പ്രത്യേകമായ ചില പോഷകങ്ങള്‍ ആവശ്യമാണ്. വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, തയാമിന്‍, റൈബോഫ്‌ളാബിന്‍, ഫോളിക് ആസിഡ്, സിങ്ക്, മഗ്‌നീഷ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ധാരാളം വിറ്റാമിനുകളും മിനറല്‍സും തലച്ചോറിന് ആവശ്യമുണ്ട്.

ഓറഞ്ച്,പേരക്ക, തക്കാളി, സ്ട്രോബറി, ആപ്പിള്‍, പൈനാപ്പിള്‍ എന്നീ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചക്ക് അത്യാവശ്യമാണ്.

ഫാറ്റി ഫിഷാണ് മറ്റൊരു പ്രധാന വിഭവം. തലച്ചോറിന്റെ അറുപത് ശതമാനവും ഫാറ്റ് ഉള്‍പ്പട്ടിട്ടുണ്ട്. ഇതില്‍തന്നെ പ്രധാനം ഒമേഗ ത്രീ ഫാറ്റി ആസിഡാണ്. ഇത് ഓര്‍മ്മ ശക്തി കൂട്ടാനും മാനസികാവസ്ഥയെ നല്ലതാക്കാനും സഹായിക്കുന്നു.

ആന്റിഓക്സിഡന്‍സ് ധാരാളമായി അടങ്ങിയ ബ്ലൂബെറി ആണ് അടുത്ത വസ്തു. ഇത് തലച്ചോറിന്റെ പ്രായാധിക്യം ഇല്ലാതാക്കുകയും ഓര്‍മ്മശക്തിയെ നിലനിര്‍ത്തുകയും ചെയ്യുന്നു.

കോപ്പര്‍, സിങ്ക്, മഗ്‌നീഷ്യം, അയേണ്‍ എന്നിവയുടെ കലവറയാണ് മത്തന്‍ വിത്തുകള്‍. ഇത് കഴിക്കുന്നതു മൂലം തലച്ചോറിലെ സെല്ലുകളുടെ നാശത്തെ തടയുന്നു.

കൊക്കോ പൗഡര്‍, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവ കഴിക്കുന്നതു മൂലം മാനസിക സമ്മര്‍ദ്ദം, വിഷാദം എന്നിവ ഇല്ലാതാവുന്നു.

നാഡികളുടെ ആരോഗ്യം നിലനിര്‍ത്താനും ഓര്‍മ ശക്തിക്കും ബുദ്ധി വികാസത്തിനുമെല്ലാം ഏറെ സഹായകരമായ ഒന്നാണ് നട്സ്. ഇത് പ്രായമായവരിലെ അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ്.

ഗ്രീന്‍ ടീയാണ് തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ പ്രധാന പാനീയം. ഇതിന്റെ ഉപയോഗം അല്‍ഷിമേഴ്സിന് കാരണമാവുന്ന ബീറ്റാ അമിലോയ്ഡ് പെപ്റ്റൈഡുകളെയും ഫ്രീ റാഡിക്കലുകളെയും നശിപ്പിക്കുന്നു. കൂടാതെ സമ്മര്‍ദ്ദം കുറക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഗ്രീന്‍ ടീ ഗുണകരമാണ്.

അവക്കാഡോ കഴിക്കുന്നതിലൂടെ തലച്ചോറിലെ രക്തയോട്ടം വര്‍ദ്ധിക്കുന്നു. മഗ്‌നീഷ്യം ധാരാളമായി കാണപ്പെടുന്ന വെള്ളക്കടല ന്യൂറോണുകളുടെ സന്ദേശങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നു.

ബ്രോക്കോളിയില്‍ മഗ്നീഷ്യവും വൈറ്റമിന്‍ കെയും അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ഓര്‍മ്മക്കുറവിനെ കുറക്കുകയും വൈറ്റമിന്‍ കെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ഒലീവ് ഓയിലില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് മസ്തിഷ്‌കത്തെ രോഗത്തില്‍ നിന്നും സംരക്ഷിക്കുകയും മാനസിക സമ്മര്‍ദം കുറച്ച് ഓര്‍മ്മശക്തി കൂട്ടുകയും ചെയ്യാന്‍ സഹായിക്കുന്നു.