താമരശ്ശേരിയിലെ ജ്വല്ലറി തുരന്ന് 50 പവന്‍ കവര്‍ന്ന സംഭവം; മുഖ്യപ്രതി പിടിയില്‍


താമരശ്ശേരി: താമരശ്ശേരിയിലെ ജ്വല്ലറികളില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. പൂനൂര്‍ പാലം തലക്കല്‍ നവാഫ് (27) ആണ് പിടിയിലായത്.

താമരശ്ശേരി ടൗണിലെ റന ഗോള്‍ഡ്, ഈങ്ങാപ്പുഴയിലെ കുന്നുമ്മല്‍ ജ്വല്ലറി എന്നീ ജ്വല്ലറികളില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. താമരശ്ശേരി പള്ളിപ്പുറം വാടക കോര്‍ട്ടേഴ്‌സില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്.പി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

ജനുവരി 24ന് പുലര്‍ച്ചെ ഒരു മണിക്കും അഞ്ചരക്കും ഇടയിലാണ് റന ഗോള്‍ഡില്‍ മോഷണം നടന്നത്. താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്നും നൂറുമീറ്റര്‍ മാത്രം അകലെയുള്ള റന ഗോള്‍ഡിന്റെ ചുമര്‍ തുരന്ന് ഉള്ളില്‍ കയറിയ കവര്‍ച്ച സംഘം സി.സി.ടി.വി ക്യാമറയില്‍ പെയിന്റ് സ്‌പ്രേ ചെയ്ത ശേഷം മോഷണം നടത്തുകയായിരുന്നു. ലോക്കറില്‍ നിന്നും 50 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കളവ് പോയിരുന്നു.

ഡിസംബര്‍ 28ന് രാത്രിയാണ് ഇവര്‍ ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മല്‍ ജ്വല്ലറിയുടെ പിന്‍ഭാഗം ചുമര്‍ തുരന്നു ഉള്ളില്‍ കയറിയത്. ലോക്കര്‍ തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ വെള്ളി ആഭരണങ്ങളും പതിനായിരം രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു.

നാല് മണിക്കൂറോളം ജ്വല്ലറിക്കുള്ളില്‍ ചിലവഴിച്ചാണ് പ്രതികള്‍ കളവ് നടത്തിയത്. താമരശ്ശേരി മുതല്‍ കോഴിക്കോട്, കൊണ്ടോട്ടി വരെ 100 ഓളം സി.സി.ടി.വി ക്യാമറകള്‍ പോലീസ് പരിശോധിച്ചുവെങ്കിലും ആദ്യം പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് താമരശ്ശേരിയില്‍ തന്നെയുള്ള മുന്‍കുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് നവാഫിന്റെ കുടുംബം താമരശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്നതായി മനസിലായത്.