ഇനി തണുത്ത വെള്ളം വേണ്ട, വേനല്‍ച്ചൂടില്‍ നിന്ന് രക്ഷ നേടാന്‍ കുടിക്കാം ചില ഔഷധ വെള്ളം


വേനല്‍ച്ചൂടിന്റെ കാഠിന്യം ദിവസം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥയില്‍ വരുന്ന മാറ്റം മനുഷ്യ ശരീരത്തെയും സാരമായി ബാധിക്കും. കൊടും ചൂടില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ആവശ്യമായ പ്രധാന ഘടകമാണ് വെള്ളം. സാധാരണ രീതിയില്‍ എല്ലാവരും ചൂടിന്റെ അസ്വസ്ഥതയില്‍ നിന്ന് രക്ഷ നേടാന്‍ തണുത്ത വെള്ളത്തെയാണ് ആശ്രയിക്കുക. എന്നാല്‍ അതികഠിനമായ ചൂടില്‍ തണുത്ത വെള്ളം കുടിക്കുമ്പോള്‍ നാം ഉദ്ദേശിക്കുന്ന ഫലത്തിന്റെ വിപരീതമാണ് തരുന്നത്. വേനലില്‍ തണുത്ത വെള്ളത്തെക്കാള്‍ ഉപകാരപ്പെടുന്ന വെള്ളങ്ങള്‍ മറ്റു ചിലതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഞെരിഞ്ഞില്‍ വെള്ളം. ഇത് ഔഷധങ്ങളുടെ കൂട്ടത്തിലെ ശ്രദ്ധയാര്‍ജ്ജിച്ച ഒന്നാണ്. കിഡ്നിയുടെ പ്രവര്‍ത്തനങ്ങളെയാണ് ഞെരിഞ്ഞില്‍ ഏറ്റവം കൂടതലായി സഹായിക്കുന്നത്.

വെള്ളം കുടിക്കുന്നതിന്റെ കുറവമൂലം ഉണ്ടാകുന്ന മൂത്രാശയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഞെരിഞ്ഞില്‍ വെള്ളം. ഇത് ശരീരത്തില്‍ അനാവശ്യമായി വരുന്ന നീരിനെ ഒഴിവാക്കുകയും ചെയ്യുന്നു. ബാര്‍ലി വെള്ളമാണ് അടുത്തതായി വരുന്നത്. പുരാതന കാലം മുതല്‍ക്കേ ചികില്‍സാ പാനീയമായി ഉപയോഗിച്ചു വന്നിരുന്ന ഒന്നാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ ബാര്‍ലി സഹായിക്കുന്നു. കാല്‍സ്യം, കോപ്പര്‍, ഇരുമ്പ് എന്നിവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്.

നറുനീണ്ടിവെള്ളമാണ് മറ്റൊന്ന്. ഇത് ശരീരത്തിനെ തണുപ്പിക്കുകയും പിത്തം വര്‍ധിച്ച് ചൂട് കൂടുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ചൂടുകുരു, ചൊറിച്ചില്‍, മൂത്രത്തിലുണ്ടാവുന്ന മഞ്ഞനിറം, ചുട്ടുനീറ്റല്‍ എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയിലുള്ളവര്‍ക്ക് ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ വലിയൊരു പ്രത്യേകത. കൂടാതെ ഇത് മുലപ്പാലിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

മറ്റൊരു പ്രധാനപ്പെട്ട ഔഷധമാണ് രാമച്ചം. ഇത് ശരീരത്തെ തണുപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആയുര്‍വേദ ചികില്‍സയില്‍ രാമച്ചത്തിന് ഉയര്‍ന്ന സ്ഥാനമാണുള്ളത്. മണ്‍കലങ്ങളില്‍ രാമച്ചം ചേര്‍ത്തുവെക്കുന്ന വെള്ളത്തിന് ദാഹത്തെ വളരെ നന്നായി അകറ്റാനും ശരീരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കാനും സാധിക്കുന്നു. അമിതമായ തലച്ചൂടിനെ ഇല്ലാതാക്കാന്‍ രാമച്ചം ഇട്ട വെള്ളം തലയില്‍ ഒഴിക്കുന്നതും സഹായകമാണ്.

പതിമുഖമാണ് അടുത്ത ഘടകം. പതിമുഖവും ശരീത്തെ തണുപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. വ്രണത്തെ ഉണക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിനാല്‍ വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ചൂടുകുരു ചൊറിച്ചില്‍ എന്നിവയെ പതിമുഖത്തിന്റെ ഉപയോഗം കൊണ്ട് കുറക്കാവുന്നതാണ്.