‘പ്രതിഷേധം തീര്‍ത്തും സമാധാനപരമായിരുന്നു’ ; തിരുവങ്ങൂര്‍ സ്‌കൂളിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായെന്ന പത്രവാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് സ്‌കൂള്‍ അധികൃതര്‍


തിരുവങ്ങൂര്‍: അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്നാരോപിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് ജനുവരി 20ന് വന്ന പത്രവാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് സ്‌കൂള്‍ അധികൃതര്‍. മാര്‍ച്ചിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പഠനോപകരണങ്ങള്‍ തകര്‍ത്തെന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത തെറ്റാണെന്നും വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും പി.ടി.എ പ്രസിഡന്റ് വി.മുസ്തഫ വ്യക്തമാക്കി.

തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന അനുരഞ്ജന യോഗത്തിലാണ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തില്‍ സ്‌കൂള്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഒമ്പതാം ക്ലാസുകാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ സ്‌കൂളിലെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് തിരുവങ്ങൂര്‍ സ്‌കൂളിലേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ക്ലാസില്‍ അഞ്ച് മിനിറ്റ് വൈകിയെത്തിയെന്ന കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം. ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ സ്‌കൂളിനെതിരെയുള്ള പരാതിയും അത് ഒത്തുതീര്‍പ്പാക്കിയതിന്റെ രേഖകളുമടക്കം പുറത്തുവിട്ട് എസ്.എഫ്.ഐ സ്‌കൂളധികൃതരുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് അനുരഞ്ജന യോഗം സംഘടിപ്പിച്ചത്.