മഴക്കാലമായതോടെ ദിവസവും കുളത്തിലാണോ കുളി ? എങ്കില്‍ ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്കജ്വരത്തെ നിസാരനായി കാണരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


പൂര്‍വ്വമായ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കണ്ണൂരില്‍ പതിമൂന്നുകാരി മരിച്ചതോടെ കുളങ്ങളിലും പൂളിലും കുളിക്കാന്‍ ആളുകള്‍ക്ക് ചെറിയ രീതിയില്‍ ഭയം വന്നുതുടങ്ങിയിട്ടുണ്ട്. മഴക്കാലമായതിനാല്‍ പലരും ദിവസവും നാട്ടിലെ കുളങ്ങളില്‍ പോയി കുളിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ചിലരാകാട്ടെ അസുഖത്തിന്റെ ഗൗരവം മനസിക്കാതെ ഇതൊന്നും ഞങ്ങളെ ബാധിക്കില്ല എന്ന മട്ടിലാണ് ഇപ്പോഴും.

സത്യം പറഞ്ഞാല്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെ നിസാരക്കാരനായി കാണരുത്. എന്നാല്‍ അമിത പേടിയും വേണ്ട. കൃത്യമായി ശ്രദ്ധിച്ചാല്‍ ഒരു പരിധിവിരെ രോഗാണു ശരീരത്തില്‍ കയറുന്നത് തടയാന്‍ സാധിക്കും.

അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും മറ്റും വിശദമായി അറിയാം

എന്താണ് അമീബിക് മസ്തിഷകജ്വരം

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷകജ്വരം.

കെട്ടിക്കിടക്കുന്ന വൃത്തിയില്ലാത്ത വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് മസ്തിഷ്‌കജ്വരം ഉണ്ടാകുന്നത്. എന്നാല്‍ കുളിക്കുമ്പോള്‍ വെള്ളം കുടിച്ചതുകൊണ്ട് ഇത്തരം അമീബ ശരീരത്തില്‍ പ്രവേശിക്കണമെന്നില്ല. അമീബ ഉള്ള വെള്ളത്തില്‍ ഡൈവ് ചെയ്യുമ്പോഴോ നീന്തുമ്പോഴോ ശക്തിയായി വെള്ളം മൂക്കില്‍ കടന്നാലാണ് അപകടം.

ഇളംചൂടുള്ള ശുദ്ധജലങ്ങളിലാണ് അപകടകാരികളായ ഇത്തരം അമീബകളെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ സ്വിമ്മിംഗ് പൂളുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ ഉണ്ടായേക്കാം. എന്നാല്‍ ക്ലോറിനേഷന്‍ കൃത്യമായി ചെയ്യുന്ന, ഇടയ്ക്കിടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളില്‍ ഇവ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഒപ്പം ഉപ്പുവെള്ളമുള്ള ജലാശയങ്ങളില്‍ ഇവയ്ക്ക് നിലനില്‍പ്പില്ലാത്തതിനാല്‍ കടലിലും മറ്റും ഇത്തരം അമീബയെ കാണാന്‍ സാധിക്കില്ല.

ലക്ഷണങ്ങള്‍

*രോഗം ബാധിച്ച് ഒന്ന് മുതല്‍ ഒമ്പത് ദിവത്തിനുള്ളില്‍ ശരീരത്തില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും.

*തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങള്‍

*തുടര്‍ന്ന് രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോഴാണ് അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

*നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്താണ് രോഗ നിര്‍ണയം.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍

*കെട്ടിക്കിടക്കന്നതും വൃത്തിയില്ലാത്തതുമായ വെള്ളത്തില്‍ കുളിക്കാതിരിക്കുക.

*ഇത്തരത്തിലുള്ള വെള്ളം മൂക്കിനുള്ളിലേക്ക് പോവാതിരിക്കാന്‍ പരമാവാധി ശ്രദ്ധിക്കുക

*രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്,

*കൃത്യമായി ക്ലോറിനേറ്റ് ചെയ്ത നീന്തല്‍കുളത്തില്‍ മാത്രം കുളിക്കുക

*വൃത്തിയില്ലാത്ത വെള്ളത്തില്‍ തല മുക്കിവെച്ചുകൊണ്ടുള്ള മുഖം കഴുകല്‍ ഒഴിവാക്കുക

*നസ്യം പോലുള്ള ചികിത്സാരീതികള്‍ ആവശ്യമുള്ളവര്‍ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.