ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റില്‍; പിടികൂടിയത് ഛായാഗ്രാഹകന്‍ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്ന്


Advertisement

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ സംവിധായകര്‍ പിടിയില്‍. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഷാലിഫ് മുഹമ്മദ് എന്ന മറ്റൊരാളേയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു എക്സൈസ് റെയ്ഡ്.

Advertisement

ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍ നിന്നാണ് ഇരുവരും പിടിയിലായതെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്. ലഹരി ഉപയോഗിക്കാൻ തയാറെടുക്കുന്നതിനിടെയാണ് ഇവർ എക്സൈസിന്റെ പിടിയിലാകുന്നത്. മലയാള സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചർച്ചയാകുന്നതിനിടെയാണ് യുവ സംവിധായകരുടെ അറസ്റ്റ്.

Advertisement

പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഫ്ലാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന. മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 20 കിലോ കഞ്ചാവ് കൈവശമുണ്ടെങ്കില്‍ മാത്രമേ കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റിയായി കണക്കാക്കുകയുളളു. അതുകൊണ്ടുകൂടിയാണ് ഇവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. വൈദ്യപരിശോധനാ ഫലം ലഭിച്ചതിനുശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.

Advertisement

Description: Directors Khalid Rahman and Ashraf Hamza arrested with hybrid cannabis