സി.സി.ടി.വി ദൃശ്യങ്ങള്‍ തുണച്ചു; ബേപ്പൂരില്‍ മീന്‍പിടിത്ത ബോട്ടുകളിലെ ബാറ്ററി മോഷ്ടിച്ച മുഖ്യപ്രതി അറസ്റ്റില്‍


ബേപ്പൂര്‍: മീന്‍പിടിത്ത ബോട്ടുകളിലെ ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ചാലിയം അരയന്‍വളപ്പില്‍ ഫവാസിനെയും (25) ബാറ്ററികള്‍ വാങ്ങിയ ചാലിയം പഞ്ചാരന്റെ പുരക്കല്‍ കുഞ്ഞിമൊയ്തീനെയും (70) ബേപ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.

ചാലിയം മീന്‍പിടിത്ത കേന്ദ്രത്തില്‍ നങ്കൂരമിടുന്ന ബോട്ടുകളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുകയായിരുന്നു. പ്രതികള്‍ മോഷ്ടിച്ച ബാറ്ററികളുമായി പോകുന്ന ദൃശ്യം തൊട്ടടുത്ത ബോട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.ഡിജിത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ചാലിയം കടപ്പുറത്തുനിന്നാണ് ഫവാസിനെ അറസ്റ്റു ചെയ്തത്. കൂട്ടുപ്രതികളായ ഉമ്മര്‍ ഫാറൂക്ക്, ഷഹദ് എന്നിവര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.