മുത്താമ്പിയിൽ സംഘർഷം തുടരുന്നു; കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് പതാക ഉയർത്തി സി.പി.എം പ്രവർത്തകർ; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്


കൊയിലാണ്ടി: മുത്താമ്പിയിൽ കോൺഗ്രസ് – സി.പി.എം സംഘർഷാവസ്ഥ തുടരുന്നു. ഇന്ന് മുത്താമ്പിയിൽ നടന്ന സി.പി.എം പ്രതിഷേധ പരിപാടിക്കിടെ കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് സി.പി.എം പതാക ഉയർത്തി. കഴിഞ്ഞ ദിവസം ഈ കൊടിമരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയിൽ സംഘർഷം ആരംഭിക്കുന്നത്.

തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് മുദ്രാവാക്യം വിളികളുമായി കരിയോയിൽ തുടച്ച് കൊടിമരം വൃത്തിയാക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും സംഘടിച്ച് സംഘർഷമുണ്ടായി. നാലോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ കരി ഓയിലൊഴിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊടിമരത്തിലെ കരി ഓയില്‍ നീക്കി മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവിടെ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിക്കുകയായിരുന്നു എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെ തുടർന്ന് റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവർക്ക് പരിക്കേറ്റിരുന്നു.

പതിനാലാം തീയ്യതി വൈകിട്ടായിരുന്നു സംഭവം. സംഘർഷത്തെ തുടർന്ന് മുത്താമ്പി- വൈദ്യരങ്ങാടി മേഖലയില്‍ ഇന്നലെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ഇന്നലെ കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടയിലും സംഘർഷമുണ്ടായി. പ്രകടനത്തിനിടയിൽ സി.പി.എം കൊടി കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സി.പി.എം ലോക്കൽ സെക്രട്ടറി ആർ.കെ.അനിൽകുമാർ, നഗരസഭ കൗൺസിലർ ആർ.കെ കുമാരൻ, ലോക്കൽ കമ്മറ്റി അംഗം രമേശൻ എന്നിവർ എത്തിയതോടെ വീണ്ടും സംഘർഷം ഉടലെടുത്തു. ലോക്കൽ സെക്രട്ടറിയെയും കൗൺസിലറെയും കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി സി.പി.എം ആരോപിച്ചു.

ഇന്ന് മുത്താമ്പിയിൽ സി.പി.എം പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഏതാനും പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എത്തി കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് സി.പി.എം പതാക ഉയർത്തിയത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

[mid5]