തിക്കോടിയിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റമുട്ടി


തിക്കോടി: ഫുഡ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ (എഫ്.സി.ഐ) തിക്കോടിയിലെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. എഫ്.സി.ഐയിലെ ലോറി ത്തൊഴിലാളികളും കരാറുകാരന്റെ ലോറിത്തൊഴിലാളികളുമാണ് ഏറ്റുമുട്ടിയത്. രാവിലെ 11:45 ഓടെയായിരുന്നു സംഘര്‍ഷം.

തിക്കോടിയിലെ എഫ്.സി.ഐ ഗോഡൗണില്‍ മാസങ്ങളായി കരാറുകാരും ലോറിത്തൊഴിലാളികളും തമ്മില്‍ തൊഴില്‍ത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കരാറുകാരന്റെ ലോറിത്തൊഴിലാളികളാണ് പ്രകോപനമുണ്ടാക്കിയത് എന്നാണ് ആരോപണം. കരാറില്‍ പെടാത്ത ലോറികള്‍ എഫ്.സി.ഐയില്‍ നിന്ന് ചരക്ക് എടുക്കാന്‍ പാടില്ലെന്നും അത്തരത്തില്‍ ചരക്കെടുത്താല്‍ തടയുമെന്നും എഫ്.സി.ഐ ലോറിത്തൊഴിലാളികളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു.

കരാറുകാരനൊപ്പമുള്ള ചില ലോറികള്‍ ടോക്കണ്‍ വാങ്ങി ചരക്ക് കയറ്റാനായി ഗോഡൗണിലേക്ക് കടന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കരാറില്‍ ഇല്ലാത്ത ലോറികള്‍ തൊഴിലാളികള്‍ തടഞ്ഞു. തുടര്‍ന്ന് ഉള്ളിലെത്തിയ ലോറികളുടെ ഡ്രൈവര്‍ ലോറി തടഞ്ഞ തൊഴിലാളികളെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.

വാക്ക് തര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്‌നം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. നാട്ടുകാര്‍ എത്തിയാണ് ഇരുവിഭാഗത്തെയും പിടിച്ച് മാറ്റിയത്. പയ്യോളി എസ്.ഐ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.