‘നല്ല പൊലീസുകാരി, യഥാര്‍ത്ഥ അമ്മ’; പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച ചിങ്ങപുരം സ്വദേശിനി രമ്യയ്ക്ക് കേരള പൊലീസിന്റെയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയും ആദരം


കൊയിലാണ്ടി: ചിങ്ങപുരം സ്വദേശിനിയും ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയുമായ എം.ആര്‍.രമ്യയ്ക്ക് ആദരം. അമ്മയില്‍ നിന്ന് അകറ്റപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മുലപ്പാല്‍ നല്‍കിയ രമ്യ നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബസമേതം പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി രമ്യയെ പൊലീസ് മേധാവി ആദരിച്ചത്.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മുലപ്പാല്‍ നല്‍കാനായി സ്വയം മുന്നോട്ട് വന്ന രമ്യയുടെ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രമ്യയെ അഭിനന്ദിച്ച് പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. ഒപ്പം രമ്യയ്ക്ക് നല്‍കാനായി താന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പൊലീസ് മേധാവിക്ക് നല്‍കിയിരുന്നു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് സര്‍ട്ടിഫിക്കറ്റ് രമ്യയ്ക്ക് സമ്മാനിച്ചു.

‘ഞങ്ങൾ എത്തുമ്പോൾ കുഞ്ഞ് കരയുകയായിരുന്നു, ഞാനെടുത്തു മാറോടണച്ചപ്പോഴാണ് അവന്റെ കരച്ചിൽ അടങ്ങിയത്’; അച്ഛനും മുത്തശ്ശിയും ചേർന്ന് തട്ടിക്കൊണ്ടു പോയ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ ചിങ്ങപുരം സ്വദേശിനിയായ പൊലീസുകാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

പൊലീസിന്റെ ഏറ്റവും നല്ല മുഖമാണ് രമ്യയെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചത്. രമ്യ നല്ല പൊലീസുകാരിയും യഥാര്‍ത്ഥ അമ്മയുമാണ്. മനുഷ്യജീവന്‍ അമ്മയ്ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ദിവ്യമായ സമ്മാനമാണ്. രമ്യ ഡ്യൂട്ടിയ്ക്കിടെ അത് നല്‍കി. മനുഷ്യത്വത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്ന പ്രവൃത്തിയാണ് രമ്യയുടെതെന്നും അദ്ദേഹം കുറിച്ചു. രമ്യയുടെ കാരുണ്യപൂര്‍വ്വമുള്ള പ്രവൃത്തി പൊലീസ് സേനയുടെ യശസ്സ് വര്‍ധിപ്പിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് രമ്യയ്ക്ക് കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 22 വയസ്സുളള യുവതി കുഞ്ഞിനെ കാണാനില്ലെന്ന പരാതി ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയത്. പരസ്പരമുളള തര്‍ക്കത്തെത്തുടര്‍ന്ന് കുട്ടിയെ അച്ഛന്‍, അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റുകയായിരുന്നു.

കുഞ്ഞുമായി പിതാവ് ബാംഗ്ലൂരിലെ ജോലിസ്ഥലത്തേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ വയനാട് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന കുഞ്ഞിനെയും പിതാവിനെയും സുല്‍ത്താന്‍ ബത്തേരി പൊലീസ് കണ്ടെത്തി.

മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് കണ്ടെത്തിയതോടെ കുഞ്ഞിനെ തിരികെ എത്തിക്കാന്‍ വയനാടെത്തിയ ചേവായൂര്‍ പൊലീസ് സംഘത്തിലെ രമ്യ താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി മുലയൂട്ടി ക്ഷീണമകറ്റുകയായിരുന്നു. അന്ന് രാത്രിയോടെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്തു.

‘ഇത് രമ്യ, മുലകുടിക്കുന്നൊരു കുഞ്ഞിനെ വീട്ടിലിരുത്തി ഡ്യൂട്ടി ചെയ്യാനിറങ്ങിയ മുലയൂട്ടുന്നൊരമ്മ’; ചേവായൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയും ചിങ്ങപുരം സ്വദേശിയുമായ രമ്യയെ കുറിച്ചുള്ള പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു

നാലുവര്‍ഷം മുമ്പ് പൊലീസ് സേനയില്‍ ചേര്‍ന്ന രമ്യ ചിങ്ങപുരം സ്വദേശിനിയാണ്. വനിതാ ബറ്റാലിയനിലെ രണ്ടാം ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി ആംഡ് പൊലീസ് ബറ്റാലിയന്റെ നാലാം ദളത്തില്‍ സേവനമനുഷ്ടിച്ചിരുന്ന രമ്യ മാതൃത്വ അവധിക്കുശേഷമാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത്. നാലും ഒന്നും വയസ്സുളള രണ്ടു കുട്ടികളുടെ മാതാവാണ് രമ്യ. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂര്‍ എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ അശ്വന്ത് വിശ്വന്‍.വി.ആര്‍ ആണ് ഭര്‍ത്താവ്.


Summery: Chingapuram native CPO Ramya honored by Kerala State Police Chief and Kerala High Court Judge Justice Devan Ramachandran