ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദിലയെ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം വിട്ടുകൊണ്ട് കോടതി ഉത്തരവ്
പയ്യോളി: പേരാമ്പ്ര കോടതി ഉത്തരവ് പ്രകാരം ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ കഴിയുകയായിരുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദിലയെ ഇന്ന് പയ്യോളി കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താല്‍പര്യം എന്ന് പെണ്‍കുട്ടി അറിയിച്ചതുപ്രകാരം പെണ്‍കുട്ടിയെ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം വിട്ടുകൊണ്ട് കോടതി ഉത്തരവായി.
ആഗസ്റ്റ് ഒന്ന് രാവിലെ മുതല്‍ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ആദില കുരുവട്ടൂര്‍ സ്വദേശിയ്‌ക്കൊപ്പം പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പെണ്‍കുട്ടിയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ബന്ധുക്കള്‍ അറിയിക്കുകയും മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തതിനു പിന്നാലെ ഷോര്‍ട്ട് സ്‌റ്റേ ഹോമിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യപരിശോധനകള്‍ കഴിഞ്ഞ് നാളെ പയ്യോളി കോടതിയില്‍ ഹാജരാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ നാളെ അവധിയായതിനാല്‍ ആദിലയെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
സ്വന്തം താല്‍പര്യപ്രകാരമാണ് കുരുവട്ടൂര്‍ സ്വദേശിയ്‌ക്കൊപ്പം പോയതെന്നും തന്നെ ആരും ശാരീരികമായോ മാനസികമായോ കയ്യേറ്റം ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്നും അറിയിച്ചതോടെയാണ് കോടതി പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടത്.
ചെറുവണ്ണൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിന്റെ പ്രതിനിധിയാണ് ആദില.
ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..