ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന് യു.ഡി.എഫും കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഇക്കുറി ഒന്നാമതാവുമെന്ന് ബി.ജെ.പിയും പ്രതീക്ഷിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെയും പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളെ വിജയിപ്പിക്കുമെന്ന് എല്‍.ഡി.എഫും കണക്കുകൂട്ടുന്നു. യു.ഡി.എഫ് അംഗം കെ.ടി.മജീദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ചേലിയ ടൗണില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ചേലിയ യു.പി സ്‌കൂളില്‍ ഒരുക്കിയ രണ്ട് ബൂത്തുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടത്തിയത്. 1650 വോട്ടര്‍മാരാണ് വാര്‍ഡില്‍ ഉള്ളത്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടുകള്‍ ഇത്തവണ പെട്ടിയില്‍ വീണു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസില്‍ നിന്നുള്ള അബ്ദുള്‍ ഷുക്കൂറും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിന്റെ അഡ്വ. പി.പ്രശാന്തും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പിയില്‍ നിന്നുള്ള പ്രിയ ഒരുവമ്മലുമാണ് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞ തവണ ബി.ജി.പിയെ 72 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കോണ്‍ഗ്രസ് വാര്‍ഡ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിന് 570 വോട്ടും ബി.ജെ.പിക്ക് 498 വോട്ടുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എമ്മിന് 300 വോട്ടുകളാണ് ലഭിച്ചത്.


Related News: ”ചേലിയ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്, എല്‍.ഡി.എഫ് ജയിക്കാനുള്ള സാധ്യതയാണുള്ളത്” രണ്ടാംഘട്ട വീടുകയറി പ്രചരണത്തിരക്കിനിടയില്‍ പ്രതീക്ഷകള്‍ പങ്കുവെച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.പ്രശാന്ത്


Related News: ”കെ.ടി.മജീദ് തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണവും ലക്ഷ്യം” മൂന്നാം ഘട്ട വീടുകയറി പ്രചരണവും പൂര്‍ത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഷുക്കൂര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


Related News: ”2015-20 കാലത്ത് മെമ്പറായിരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മതി എനിക്ക് വോട്ടു ചോദിക്കാന്‍” ചേലിയയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്