നന്തി റെയില്‍വേ മേല്‍പ്പാലത്തിന് മുകളില്‍ വച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്


നന്തി ബസാര്‍: നന്തി റെയില്‍വേ മേല്‍പ്പാലത്തിന് മുകളില്‍ വച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീ പിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തീ പിടിച്ചത്. കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.

തിക്കോടിയിൽ നിന്ന് മൂടാടിക്ക് പോകുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീ പിടിച്ചത്. കാറുടമയായ തിക്കോടി സ്വദേശി ബഷീറും രണ്ട് മക്കളുമാണ് കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ നന്തി പാലത്തിന് മധ്യഭാഗത്ത് എത്തിയപ്പോഴാണ് കാറിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ കാര്‍ ഒതുക്കി നിര്‍ത്തുകയും യാത്രക്കാര്‍ എല്ലാവരും പുറത്തിറങ്ങുകയും ചെയ്തു. അപ്പോഴേക്കും കാറിന് തീ പിടിച്ചിരുന്നു.


Also Read: കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് അപകടം; ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു


തീ പിടിച്ച ഉടൻ നാട്ടുകാർ തീ അണയ്ക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തുള്ള സഹാനി ആശുപത്രിയിൽ നിന്നുള്ള ഫയർ എക്സ്റ്റിൻഗ്യുഷർ ഉപയോഗിച്ചും വെള്ളം ചീറ്റിച്ചുമാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.

തീ പിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇരുവശത്തേക്കും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര നീണ്ടു.


Also Read: തീ പടര്‍ന്നത് കാറിന്റെ മുന്‍ഭാഗത്തുനിന്നും, കാറിലുണ്ടായിരുന്നത് രണ്ടുപേര്‍; പയ്യോളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീടിപിച്ചു- ദൃശ്യങ്ങള്‍ കാണാം


English Summary / Content Highlights: Running car caught fire on Nanthi railway overbridge.