മുചുകുന്നില്‍ വിദ്യാര്‍ഥികളെയും ജോലിക്ക് പോകുന്നവരെയും വലച്ച് ബസ് സമയക്രമം; തിരക്കേറിയ സമയത്ത് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ വേണമെന്ന് വിദ്യാര്‍ഥികള്‍


സപ്തമി.സി.വി.

മുചുകുന്ന്: മുചുകുന്ന് മേഖലയില്‍ യാത്രാ പ്രശ്‌നം രൂക്ഷമാകുന്നതായി വിദ്യാര്‍ത്ഥികള്‍. ബസുകളുടെ നിലവിലെ സമയക്രമമാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. രാവിലെ കൂടുതല്‍ ബസുകള്‍ ഇല്ലാത്തതും ഉള്ള ബസുകളുടെ സമയക്രമവും കാരണം ബുദ്ധിമുട്ടിലാകുന്നത് വിദ്യാര്‍ഥികളും ജോലിയ്ക്കായി ദൂരെ ഇടങ്ങളിലേക്ക് പോകുന്നവരുമാണ്.

രാവിലെ 6.50 ന്റെ ബസിനുശേഷം 7.30 ന് ആണ് അടുത്ത ബസ്. 7.30 നു ശേഷം7.50നും പിന്നീട് ഒരു മണിക്കൂറോളം കഴിഞ്ഞ് 8.40 ഉം ആണ് ബസുള്ളത്. കൊയിലാണ്ടിയിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒമ്പതുമണിക്ക് സ്‌കൂളില്‍ എത്തിച്ചേരണമെങ്കില്‍ 8.40ന്റെ ബസിനെ ആശ്രയിച്ചാല്‍ വൈകിയെത്തേണ്ടിവരുന്നു. ജോലിയ്ക്കായി പോകുന്നവരുടെയും സ്ഥിതി ഇതാണ്. പലരും വൈകിയെത്തുന്നത് ഒഴിവാക്കാന്‍ 7.50ന്റെ ബസിനെ ആശ്രയിക്കേണ്ടിവരുന്നു. നേരത്തെ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടത് ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അടക്കം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

കൂടാതെ ബസുകള്‍ കുറവായതിനാല്‍ രാവിലെയുള്ള ബസുകളില്‍ തിങ്ങിയാണ് ആളുകള്‍ യാത്ര ചെയ്യേണ്ടിവരുന്നത്. സ്‌കൂള്‍ കുട്ടികളും മറ്റും സമയത്ത് ക്ലാസിനെത്താന്‍ ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്യേണ്ടിവരുന്നതും പതിവാണ്. സമയക്രമം മാറ്റിയോ കൂടുതല്‍ ബസുകള്‍ അനുവദിച്ചോ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് വിദ്യാര്‍ഥികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.