ഇടതുകാലില്‍ അമര്‍ന്ന് വലതുകാല്‍ മേല്‍പ്പോട്ടുയര്‍ത്തി പറന്നുയര്‍ന്ന് സെര്‍ബിയന്‍ ഗോള്‍ വലയിലേക്കൊരു കൂറ്റനടി, ഗോള്‍… ഗോള്‍ …; മേപ്പയ്യൂരില്‍ ആനന്ദനൃത്തമാടി ബ്രസീല്‍ ആരാധകര്‍


മേപ്പയ്യൂര്‍: ബ്രസീല്‍ സെര്‍ബിയ മത്സരം അങ്ങ് ഖത്തറിലാണ് നടക്കുന്നതെങ്കിലും മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെ കളിയിലെ സുന്ദര നിമിഷങ്ങള്‍ സ്റ്റേഡിയത്തിലിരുന്നു കാണുന്നതുപോലെ ആസ്വദിക്കാന്‍ മേപ്പയ്യൂരിലെത്തിയത് ആയിരത്തിലധികം വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍. ഇന്ന് പുലര്‍ച്ചെ 12.30 ന് മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബിഗ് സ്‌ക്രീനിന് മുമ്പില്‍ കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു.

മഞ്ഞ ജഴ്‌സിയണിഞ്ഞും ബ്രസീലിന്റെ കൊടി വീശിയും ബ്രസീല്‍ ആരാധകര്‍ എത്തിയിരുന്നു. ബ്രസീലിന്റെയും നെയ്മറുടെയും നീക്കങ്ങളെ ഹര്‍ഷാരവങ്ങട്ടോടെയാണ് അവര്‍ സ്വീകരിച്ചത്. സെര്‍ബിയയുടെ നീക്കങ്ങളെ പിന്തുണച്ച് അര്‍ജന്റീന ജര്‍മ്മനി ആരാധകരും എത്തിയതോടെ ആവേശം ഇരട്ടിച്ചു. ആദ്യ പകുതിയിലെ ഗോള്‍ വരള്‍ചയ്ക്ക് ശേഷം രണ്ടാം പകുതിയില്‍ കൂടുതല്‍ അക്രമണോത്സുകത പുറത്തെടുത്ത ബ്രസീലിനെയാണ് കണ്ടത് മനോഹര നീക്കങ്ങള്‍ക്കൊടുവില്‍ റിച്ചാര്‍സിലന്റെ ഗോള്‍ പിറന്നതോടെ മേപ്പയ്യൂരിലെ ബ്രസീല്‍ ആരാധകര്‍ ആനന്ദനൃത്തമാടുകയായിരുന്നു.

ഇടതുകാലില്‍ അമര്‍ന്ന് വലതുകാല്‍ മേല്‍പ്പോട്ടുയര്‍ത്തി ഒരു ജിംനാസ്റ്റിക്കിനെപ്പോലെ പറന്നുയര്‍ന്ന് സെര്‍ബിയന്‍ ഗോള്‍ വലയിലേക്കുള്ള റിച്ചാലിസന്റെ ആ കൂറ്റനടിയില്‍ ബ്രസീല്‍ ആരാധകരുടെ പ്രാര്‍ത്ഥനകളുടെ ഊര്‍ജ്ജമുണ്ടായിരുന്നു. രണ്ടു ഗോളിനുള്ള ബ്രസീലിന്റെ വിജയം ആഘോഷമാക്കിയാണ് പുലര്‍ച്ചെ ആരാധകര്‍ മടങ്ങിയത്.

ബ്രസീലിന്റെ കളി പ്രതീക്ഷ നല്‍കുന്നതാണെന്നും ഖത്തറില്‍ നിന്ന് കപ്പുയര്‍ത്തി മടങ്ങാന്‍ ഈ ടീമിന് കഴിയുമെന്നും ബ്രസീല്‍ ആരാധകനായ രമേശന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിരവധി പ്രതിഭകളുള്ള ബ്രസീല്‍ ടീം ഇനിയുള്ള കളികളില്‍ കൂടുതല്‍ അപകടകാരികളായിരിക്കുമെന്നും ബ്രസീലിന്റെ തോല്‍വി പ്രതീക്ഷിച്ച് ഉറക്കമൊഴിച്ച് കാത്തിരുന്നവര്‍ക്കുള്ള മറുപടിയാണ് ഇത് എന്നും മറ്റൊരു ബ്രസില്‍ ആരാധകന്‍ നിഹാല്‍ പ്രതികരിച്ചു.

ഡി.വൈ.എഫ്.ഐ മുൻകൈ എടുത്ത് രൂപീകരിച്ച ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഫുട്ബോൾ പ്രദർശനം സംഘടിപ്പിക്കുന്നത്. 14/10 ന്റെ വലിയ എല്‍.ഇ.ഡി വാളില്‍ മികച്ച ക്വോളിറ്റിയോടെ മത്സരങ്ങള്‍ കാണാന്‍ കഴിയും എന്നത് കൊണ്ട് നിരവധി പേരാണ് ഇവിടെ കളികാണാന്‍ ദിവസവും എത്തുന്നത്. ഡിസംബര്‍ 18 വരെ ലോകകപ്പിലെ മുഴുവന്‍ മത്സരങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുമെന്ന് ഇതിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ രാജീവന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീഡിയോ കാണാം