യാത്രക്കാര്‍ക്ക് ഭീഷണിയൊഴിഞ്ഞു; ദേശീയപാതാ വികസനത്തിന്റെ പാതി പൊളിച്ച പയ്യോളിയിലെ മൂന്ന് നില കെട്ടിടം പൂര്‍ണ്ണമായി പൊളിച്ചു നീക്കി


പയ്യോളി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഭാഗികമായി പൊളിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന പയ്യോളിയിലെ മൂന്ന് നില കെട്ടിടം ഒടുവില്‍ പൂര്‍ണ്ണമായി പൊളിച്ചുനീക്കി. ടൗണിലെ പഴയ കെ.ഡി.സി ബാങ്ക് കെട്ടിടമാണ് ബുധനാഴ്ച രാത്രിയോടെ പൂര്‍ണ്ണമായി പൊളിച്ചുനീക്കിയത്. ഇതോടെ ഇതുവഴി പോകുന്നവര്‍ക്കുണ്ടായിരുന്ന ഭീഷണി ഇല്ലാതായി.

കെട്ടിടം പൊളിക്കാനായി ആദ്യം കരാറെടുത്ത കോഴിക്കോട്ടുകാര്‍ അശാസ്ത്രീയമായാണ് പൊളിച്ചു തുടങ്ങിയത്. മൂന്നു നില കെട്ടിടത്തിന്റെ മൂന്നാം നില ഒഴിവാക്കി താഴെയുള്ള നിലകള്‍ പൊളിച്ചുതുടങ്ങി. താഴത്തെ നിലയിലെ ചുവരും തൂണുകളും പൊളിച്ചതോടെ കെട്ടിടം അപകടാവസ്ഥയിലായി.

അപകടാവസ്ഥയിലായിരുന്ന കെട്ടിടം


കെട്ടിടം അപകടാവസ്ഥയിലായതോടെ തുടര്‍ന്നുള്ള പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ കരാറുകാര്‍ സ്ഥലം വിട്ടു. ഇതോടെ പാതി പൊളിച്ച നിലയില്‍ കെട്ടിടം അനാഥമാവുകയും ഏതുനിമിഷവും തകര്‍ന്ന് വീഴാമെന്ന നിലയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുകയും ചെയ്തു.

ഒരാഴ്ചയോളം ഈ അവസ്ഥയില്‍ തുടര്‍ന്നതിന് ശേഷമാണ് ഒടുവില്‍ കെട്ടിടം പൊളിച്ചു നീക്കിയത്. കെട്ടിടത്തിന്റെ അപകടാവസ്ഥ കഴിഞ്ഞ ദിവസം കൊയിലാണ്ടി ന്യൂസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വൈകുന്നേരമാണ് പണി ആരംഭിച്ചത്. ദേശീയപാതയില്‍ തിരക്കേറിയ സമയമായതിനാല്‍ വൈകുന്നേരം അഞ്ച് മണിയോടെ പയ്യോളി മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍ ഷഫീഖ് വടക്കയില്‍, പയ്യോളി സി.ഐ പി.എം.സുനില്‍ കുമാര്‍ എന്നിവർ  സ്ഥലത്തെത്തി പണി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് രാത്രിയിലാണ് ജോലികള്‍ പുനരാരംഭിച്ചത്. താഴത്തെ നിലയ്ക്ക് സമീപം മണ്ണിട്ട് ഉയര്‍ത്തിയാണ് കെട്ടിടത്തിന്റെ മുകള്‍ഭാഗം പൊളിച്ചത്. അപകടാവസ്ഥയിലായ മൂന്നാം നില പൂര്‍ണ്ണമായും പൊളിച്ചു നീക്കിയിട്ടുണ്ട്. കെട്ടിടം പൊളിച്ചതോടെ ഇതുവഴിയുള്ള യാത്രക്കാർക്ക് ഒരാഴ്ചയായി ഉണ്ടായിരുന്ന വലിയ ഭീഷണിയാണ് ഇല്ലാതായത്.

[bot1]