നാടൊത്തുചേരും, കായലാട്-നടേരി തോടിനായി; മേപ്പയൂരിൽ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത് അഞ്ച് റീച്ചുകളിലായി


മേപ്പയ്യൂർ: തോടുകളും നീരുറവകളും മാലിന്യ സംസ്കരണത്തിനുള്ള സ്ഥലമാകുമ്പോൾ വ്യത്യസ്തമായ ആശയവുമായി തെളിനീരൊഴുകും നവകേരളം പദ്ധതി. സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളേയും മാലിന്യ മുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നവകേരളം കർമ്മ പദ്ധതി വിഭാവനം ചെയ്ത തെളിനീരൊഴുകും നവ കേരളം സമ്പൂർണ്ണ ജല ശുചിത്വ ക്യാമ്പയിന് പൂർണ്ണ പിന്തുണയുമായി നാട്ടുകാരും തൊഴിലാളികളും. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ തോട് നവീകരണ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത് അഞ്ച് റീച്ചുകളിലായി ആണ്.


ഏപ്രിൽ 30 ന് ശനിയാഴ്ച രാവിലെ മണി മുതൽ കായലാട് നടേരി തോട് ബഹുജന കൂട്ടായ്മയിൽ ശുചികരിച്ച് മേപ്പയൂരിൽ പദ്ധതി ഉദ്ഘടനം ചെയ്യും. 2,3,4,5,6,7,8,9,10,11,12,13 വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, യുവജനസംഘടന പ്രവർത്തകർ, ഗ്രന്ഥശാല പ്രവർത്തകർ, ആശാവർക്കർമാർ, ഹരിതകർമസേന, ആരോഗ്യപ്രവർത്തകർ, എ.പി.സി എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലാകും ശുചികരണം. തൊഴിലുറപ്പ് തൊഴിലാളികൾ പണിയായുധങ്ങളുമായി എത്തി ചേരേണ്ടതാണ് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


പഞ്ചായത്തിൽ അഞ്ച് റീച്ചുകളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതി.

ഒന്നാം റീച്ച് – കീഴന താഴ മുതൽ പാവട്ട്കണ്ടി മുക്ക് റോഡ് (8,4 വാർഡുകൾ)

രണ്ടാം റീച്ച് – പാവട്ട്കണ്ടി മുക്ക് റോഡ് മുതൽ കുറുങ്ങോട്ട് താഴ (13,6,5)

മൂന്നാം റീച്ച് – കുറുങ്ങോട്ട് താഴെ മുതൽ നടുവണ്ണൂർ റോഡ് (12, 2)

നാലാം റീച്ച് – നടവണ്ണൂർ റോഡ് മുതൽ പെരുമ്പാട്ടാട്ട് താഴ (9,3)

അഞ്ചാം റീച്ച് – പെരുമ്പാട്ടാട്ട് താഴ മുതൽ നിടുംപൊയിൽ വരെ ( 11,10,7)

മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങളുടെ ശുചിത്വ അവസ്ഥ പരിശോധിച്ച് മലിനപ്പെട്ട ഇടങ്ങൾ കണ്ടെത്തുകയും ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ഇവ വൃത്തിയാക്കുകയും മലിനീകരണ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയും ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദൽ സംവിധാനങ്ങൾ ഒരുക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

[bot1]