‘റഊഫ് അവധി കഴിഞ്ഞ് പോയത് രണ്ടാഴ്ച മുമ്പ്, ഇന്നലെ പ്രാർത്ഥന കഴിഞ്ഞ് ആഹാരം കഴിച്ച് കിടന്ന ശേഷം പിന്നീട് എഴുന്നേറ്റില്ല’; ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ച നന്തി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും


നന്തി: അവധി കഴിഞ്ഞ് അവൻ തിരികെ പോയത് രണ്ടാഴ്ചകൾക്കു മുൻപാണ്. എന്നാൽ ഇന്ന് രാവിലെ വീട്ടുകാരെ തേടിയെത്തിയത് അവരുടെ പ്രിയപ്പെട്ട റഊഫിന്റെ മരണ വാർത്തയായിരുന്നു. പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം താമസസ്ഥലത്തെത്തി ആഹാരം കഴിച്ച്  ഉറങ്ങാൻ കിടന്നതായിരുന്നു റഊഫ്.

എന്നാൽ അത് എന്നെന്നേക്കുമായുള്ള നിദ്രയായി മാറുകയായിരുന്നു. ഇരുപതാം മൈലിലെ കുറ്റിക്കാട്ടിൽ പൂക്കാസ് കെ.സി.അബുബക്കറിന്റെ മകൻ റഊഫ് ആണ് ഖത്തറിൽ അന്തരിച്ചത്. നാല്പത്തിരണ്ടു വയസ്സായിരുന്നു.

റഊഫ്നെ വിളിച്ചിട്ടു അനക്കമൊന്നുമില്ല എന്ന് കണ്ടതിനെ തുടർന്ന് ഉടനെ തന്നെ ഒപ്പം താമസിക്കുന്നവർ ആംബുലൻസിനെയും പോലീസിനെയും വിളിച്ചു വരുത്തുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം കാരണം എന്നാണ് പ്രാഥമിക നിഗമനം.

നന്തി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു

‘നാട്ടിൽ പൊതുപ്രവർത്തനങ്ങളിലെല്ലാം എപ്പോഴും മുൻപന്തിയിൽ ഉണ്ടായിരുന്നു റഊഫ്. അതിനാൽ തന്നെ ഏറെ ജനസമ്മതനുമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ മുതൽ നിരവധി പേരാണ് ഇവിടെ എത്തിയത്. ഇനിയും ആളൊഴിഞ്ഞിട്ടില്ല.’ റഊഫിന്റെ ബന്ധുക്കൾ  കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. നാളെ രാവിലെ എട്ടുമണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കുകയും തുടർന്ന് നന്തിയിലെ വീട്ടിലെത്തിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് നന്തി വൻമുഖം സിദ്ധിഖ് ഖബർസ്ഥാനിലാണ് മൃതദേഹം ഖബറടക്കുക.

ഷമീനയാണ് റഊഫിന്റെ ഭാര്യ. മക്കൾ: ലിയ ഫാത്തിമ (വിദ്യാർത്ഥിനി, പന്തലായനി ഹയർ സെക്കന്ററി സ്കൂൾ, കൊയിലാണ്ടി), മിഹ്സ (സായി സ്കൂൾ നന്തി ബസാർ). മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: റിയാസ്, റംഷിദ് (കുവൈത്ത്).