കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; ബാലുശ്ശേരി സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം



കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ബാലുശ്ശേരി സ്വദേശി അബ്ദുല്‍ സലാമില്‍ നിന്ന് പിടിച്ചെടുത്തത് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് അബ്ദുല്‍ സലാമില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും മൂന്ന് സ്വര്‍ണ്ണ ഉരുളകള്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ കഴിച്ചുമാണ് കടത്തിയത്. അബ്ദുസലാമിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. കടത്ത് സ്വര്‍ണ്ണം ടാക്‌സി വിളിച്ച് തൊണ്ടയാട് എത്തിക്കാനായിരുന്നു ഇയാള്‍ക്ക് ലഭിച്ച നിര്‍ദേശം എന്ന് പൊലീസ് പറഞ്ഞു.

പരിശോധന കഴിഞ്ഞ് എയര്‍പോര്‍ട്ടിന് പുറത്തിറങ്ങിയ ഇയാള്‍ ടാക്‌സി വിളിച്ച് പോകാന്‍ ശ്രമിക്കവെ പൊലീസ് തടഞ്ഞു നിര്‍ത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ സ്വര്‍ണം കൊണ്ടുവന്നുവെന്ന കാര്യം ഇയാള്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ശരീരത്തിന് അകത്ത് ക്യാപ്‌സ്യൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയത്. അരയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ മിശ്രിതവും കണ്ടെത്തിയത്.


കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി വരുന്നവരില്‍ നിന്നും പൊലീസ് സ്വര്‍ണം പിടികൂടുന്ന സംഭവങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചുവരികയാണ്.