വഗാഡ് കമ്പനിയുടെ ലേബര്‍ ക്യാമ്പിലെ കക്കൂസ് മാലിന്യം നന്തിയില്‍ റോഡരികിലെ വയലില്‍ തള്ളാന്‍ ശ്രമം; കയ്യോടെ പിടികൂടി നാട്ടുകാര്‍: ലോറിയും ജീവനക്കാരും കസ്റ്റഡിയില്‍


മൂടാടി: ബൈപ്പാസ് നിര്‍മ്മാണ കരാര്‍ കമ്പനിയായ വഗാഡിന്റെ നന്തി ശ്രീശൈലം കുന്നിലെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള ശുചിമുറി മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് തള്ളാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ചൊവ്വാഴ്ച പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.

ലോറിയില്‍ മാലിന്യം എത്തിച്ച് മരക്കുളംചാലി ഭാഗത്ത് റോഡിനോട് ചേര്‍ന്നുള്ള വയലില്‍ തള്ളാനുള്ള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്.

[top2]

ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ.ഷീന, ജെ.എച്ച്.ഐമാരായ പി.രതീഷ്, എം.പി.ഷിനോജ് എന്നിവര്‍ സ്ഥലത്തെത്തി. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

കക്കൂസ് മാലിന്യമല്ലെന്നാണ് ലോറിയിലുണ്ടായിരുന്നവര്‍ പറഞ്ഞത്. എന്നാല്‍ പ്രദേശത്ത് നില്‍ക്കാന്‍ സാധിക്കാത്തവിധം ദുര്‍ഗന്ധം പരത്തുന്ന മാലിന്യമാണ് പൊതുവിടത്ത് തള്ളാന്‍ ശ്രമിച്ചതെന്ന് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി പറഞ്ഞു.

[top3]

കൊയിലാണ്ടി പൊലീസ് സംഭവ സ്ഥലത്തെത്തി. ലോറിയും ലോറിയുടെ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വഗാഡ് ലേബര്‍ ക്യാമ്പിലെ മാലിന്യപ്രശ്‌നം പ്രദേശത്ത് വലിയ തോതിലുള്ള മലിനീകരണത്തിന് ഇതിനകം വഴിവെച്ചിട്ടുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ മണ്ണില്‍ കുഴികുത്തി മൂടിയത് കാരണം കുന്നിനു താഴെയുള്ള കിണറുകളിലെ വെള്ളം ഉപയോഗ്യയോഗ്യമല്ലാതായിരുന്നു. പ്രദേശത്തെ പത്തോളം വീട്ടുകാര്‍ വെള്ളം പുറത്തുനിന്നും എത്തിക്കുന്ന സ്ഥിതിയാണ് ഇപ്പോഴും തുടരുന്നത്. കിണര്‍ വെള്ളം മലിനമായതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തുകയും ലേബര്‍ ക്യാമ്പ് ഇവിടെ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് അധികൃതര്‍ വിഷയത്തില്‍ ഇടപെടുകയും മാലിന്യനിര്‍മ്മാര്‍ജ്ജന സംവിധാനം കാര്യക്ഷമമാക്കാന്‍ ലേബര്‍ ക്യാമ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പണി പുരോഗമിക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. ഇതിനിടയിലാണ് മാലിന്യം പൊതുസ്ഥലത്ത് തള്ളാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞത്.

[top4]