നെല്ല്, ചേന, ചേമ്പ്, തവിടു കളയാത്ത അരി, പൊതുരംഗത്തെ തിരക്കിനിടയിലും വിടാതെ കൂടെ ചേര്‍ത്ത് കൃഷി; ദിനചര്യയാക്കിയ ജൈവ കൃഷിയെ കുറിച്ച് ചേമഞ്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അശോകന്‍ സംസാരിക്കുന്നു


ചേമഞ്ചേരി: ചേമഞ്ചേരി സ്വദേശിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്‍ കോട്ടിന് പൊതുപ്രവര്‍ത്തനത്തിനൊപ്പം തന്നെ ഏറെ പ്രിയപ്പെട്ട ഒന്നാണ് കൃഷിപ്പണി. 25 വര്‍ഷക്കാലം പഞ്ചായത്തംഗമായപ്പോഴും കോര്‍പ്പറേറ്റീവ് ബാങ്കില്‍ ജോലി ചെയ്തിരുന്ന കാലത്തുമെല്ലാം കൃഷിപ്പണിയും ഒപ്പം കൊണ്ടുപോയിരുന്നു. ഇപ്പോഴും കൃഷി ഒപ്പംതന്നെയുണ്ട്.

നെല്ല്, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍, മരച്ചീനി, കുരുമുളക്, കൂര്‍ക്ക അങ്ങനെ അത്യാവശ്യത്തിനുവേണ്ട എല്ലാം കൃഷി ചെയ്യുന്നുണ്ടെന്ന് അശോകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സ്വന്തം കൃഷിയിടത്തിലും മറ്റൊരാളുടെ സ്ഥലത്തുമെല്ലാമായി ഒരേക്കര്‍ സ്ഥലത്ത് മലഞ്ചരക്കും അഞ്ചേക്കര്‍ സ്ഥലത്ത് നെല്ലും കൃഷി ചെയ്യുന്നുണ്ട്. പൂര്‍ണമായും ജൈവവളങ്ങള്‍ മാത്രമാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നതെന്നും അശോകന്‍ പറയുന്നു. ചാണകം, പച്ചില, വെജിറ്റബിള്‍ മിക്‌സ്ചര്‍, പശുവിന്റെ മൂത്രവും ചാണകവും പിണ്ണാക്കും പുളിപ്പിച്ചത് ഇതെല്ലാമാണ് വളമായി ചേര്‍ക്കുന്നത്.

തന്റെ കുടുംബപശ്ചാത്തലമാണ് കൃഷിയിലേക്ക് അടുപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. തറവാട്ടില്‍ നെല്‍കൃഷിയും മലഞ്ചരക്ക് കൃഷിയുമെല്ലാം വലിയ തോതില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് കൃഷിയോട് താല്‍പര്യം വരുന്നത്. പഠിക്കുന്ന കാലം മുതല്‍ തന്നെ ഒഴിവുസമയങ്ങളില്‍ പറമ്പിലേക്ക് ഇറങ്ങും. നനയ്ക്കാനും മണ്ണ് കൂട്ടിയിടാനുമെല്ലാം മുതിര്‍ന്നവരുടെ ഒപ്പം കൂടും.

പതിനഞ്ച് വര്‍ഷം ചേമഞ്ചേരി പഞ്ചായത്ത് അംഗമായും അഞ്ച് വര്‍ഷം വൈസ് പ്രസിഡന്റും അഞ്ച് വര്‍ഷം പ്രസിഡന്റുമായി 25 വര്‍ഷക്കാലം ജനപ്രതിനിധിയായിരുന്നു. ഇക്കാലത്തും രാവിലെ ആറ് മുതല്‍ എട്ടുമണിവരെയുള്ള സമയമെങ്കിലും കൃഷിക്കുവേണ്ടി മാറ്റിവെക്കാറുണ്ടായിരുന്നു. നെല്ലിനും മലഞ്ചരക്കിനും പുറമേ വേനല്‍ക്കാലത്ത് പച്ചക്കറിയും കൃഷി ചെയ്യും.

ഉല്പന്നങ്ങള്‍ക്കെല്ലാം നല്ല ഡിമാന്റാണെന്നാണ് അശോകന്‍ പറയുന്നത്. വിളവെടുത്ത് കഴിഞ്ഞാല്‍ വാട്‌സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും വിവരം അറിയിക്കും. ജൈവകൃഷിയായതിനാല്‍ സാധാരണ മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ അല്പം വില കൂടുതലാണ്. നെല്ല് വിളവെടുത്താല്‍ തവിടുകളയാതെ അരിയാക്കി വില്‍ക്കും. കിലോയ്ക്ക് 80 രൂപയെന്ന നിലയിലാണ് ഈ അരി വില്‍ക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.

അശോകന്റെ കൃഷിയ്ക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. തരിശുകൃഷി, നെല്‍കൃഷി, പച്ചക്കറി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള പഞ്ചായത്തിന്റെ ധനസഹായം ലഭിക്കാറുണ്ട്. കൃഷി ലാഭകരമൊന്നുമല്ലെങ്കിലും ശുദ്ധമായ ഭക്ഷ്യോല്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഈ രംഗത്ത് തുടരുന്നതെന്നും അശോകന്‍ പറയുന്നു.