കൊയിലാണ്ടി സാക്ഷ്യം വഹിച്ചത് പ്രായത്തെ തോൽപ്പിച്ച കലാപ്രകടനങ്ങൾക്ക്; ‘അരങ്ങ് 2023’ കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി പയ്യോളി, ചേമഞ്ചേരി സിഡിഎസുകൾ


കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടന്ന ‘അരങ്ങ് 2023 ‘ കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കാക്കൂർ സി ഡി എസ്. 37 പോയിന്റ് നേടിയാണ് കാക്കൂർ ചാമ്പ്യന്മാരയത്. 32 പോയിന്റ് നേടി പയ്യോളി സിഡിഎസ് രണ്ടും, 28 പോയിന്റുമായി ചേമഞ്ചേരി സിഡിഎസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനോദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ നിർവഹിച്ചു.

രണ്ടു ദിവസങ്ങളിലായി കൊയിലാണ്ടി ടൗണ്‍ ഹാളില്ലാണ് ജില്ലാ കലോത്സവം നടന്നത്. ജില്ലയിലെ നാല് താലൂക്കുകളിലെ കുടുംബശ്രീ സിഡി എസുകളില്‍ നിന്നായി 600 ഓളം കലാകാരികളാണ് 50-ഓളം മത്സരങ്ങളിൽ മാറ്റുരച്ചു. മികച്ച നടിയായി ഇസൈ എന്ന നാടകത്തിൽ പോലിസ് വേഷം അഭിനയിച്ച നരിപ്പറ്റ സി.ഡി എസ് അംഗം എൽ സി ജോസഫിനെ തിരഞ്ഞെടുത്തു.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.  വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ,  പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് മാസ്റ്റർ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടായി, കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, നഗരസഭ കൗൺസിലർമാരായ വി പി ഇബ്രാഹിംകുട്ടി, വൈശാഖ് കെ കെ, വത്സരാജ് കേളോത്ത്, കൊയിലാണ്ടി നഗരസഭ സിഡിഎസ് ചെയർപേഴ്സൺമാരായ വിപിന, ഇന്ദുലേഖ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ അംഗം കെ വിജു നന്ദിയും പറഞ്ഞു. ജില്ലാ കലോത്സവ വിജയികൾ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ജൂൺ 2,3,4 തീയതികളിൽ തൃശൂർ വച്ച് നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.